കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജി.എസ്.ടി നിരക്ക് 18 ശതമാനമായി നിജപ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി: ‘ഗബ്ബര്‍ സിങ് ടാക്സല്ല രാജ്യത്തിനാവശ്യം; ലളിതമായ നികുതിയാണ്’

single-img
11 November 2017

ന്യൂഡല്‍ഹി: 2019ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജി.എസ്.ടി നിരക്ക് 18 ശതമാനമായി നിജപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗാന്ധിനഗറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില ഉത്പന്നങ്ങളുടെ നികുതി നിരക്ക് 28-ല്‍ നിന്ന് 18 ആക്കിയ തീരുമാനത്തില്‍ ഞങ്ങള്‍ സന്തോഷിക്കുന്നില്ലെന്നും അഞ്ച് വ്യത്യസ്ത നികുതികളുള്ള ജിഎസ്ടി ഇന്ത്യക്ക് ആവശ്യമില്ലെന്നും രാഹുല്‍ പറഞ്ഞു. 200 ഉല്‍പന്നങ്ങളുടെ ജി.എസ്.ടി നിരക്ക് കൗണ്‍സില്‍ കുറച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ അഭിപ്രായപ്രകടനം.

എകീകൃത നികുതിയില്‍ ഘടനാപരമായ മാറ്റം ആവശ്യമാണ്. ഗബ്ബര്‍ സിങ് ടാക്സല്ല രാജ്യത്തിനാവശ്യമെന്നും വളരെ ലളിതമായ നികുതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 18 ശതമാനം എന്ന സ്ലാബിന് മാത്രമായിരിക്കും കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുക.

ബി.ജെ.പി അത് ചെയ്തില്ലെങ്കില്‍ 2019ല്‍ കോണ്‍ഗ്രസ് അത് നടപ്പില്‍ വരുത്തുമെന്നും രാഹുല്‍ വ്യക്തമാക്കി. പ്രതിപക്ഷവും സാധാരണ ജനങ്ങളും ഉയര്‍ത്തിയ സമര്‍ദ്ദം മൂലമാണ് ജി.എസ്.ടി നിരക്കുകള്‍ കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായതെന്നും രാഹുല്‍ പറഞ്ഞു.

അക്ഷര്‍ധാം ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയാണ് വടക്കന്‍ ഗുജറാത്തില്‍ ഇന്ന് രാഹുല്‍ഗാന്ധി നവസര്‍ജന്‍ യാത്രക്ക് തുടക്കമിട്ടത്. കര്‍ഷകര്‍, യുവാക്കള്‍, കച്ചവടക്കാര്‍, സ്ത്രീകള്‍, തൊഴില്‍ രഹിതര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. യാത്രയിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇത് നാലാം തവണയാണ് രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ എത്തിയത്.