ഡല്‍ഹിയില്‍ 13 മുതല്‍ അഞ്ചു ദിവസത്തേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് ഒറ്റ-ഇരട്ട അക്ക നമ്പര്‍ നിയന്ത്രണം

single-img
11 November 2017

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ 13 മുതല്‍ അഞ്ചു ദിവസം സ്വകാര്യ വാഹനങ്ങള്‍ക്ക് ഒറ്റ-ഇരട്ട അക്ക നമ്പര്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കി.

അതേസമയം ഇളവുകളൊന്നും അനുവദിക്കില്ലെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി. ഇരു ചക്രവാഹനങ്ങള്‍ക്കും, സ്ത്രീകള്‍ക്കും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ഈ പരിഷ്‌കാരം ബാധകമാണ്. നേരത്തെ ഈ രണ്ടു വിഭാഗത്തെ ഒഴിവാക്കാനുള്ള തീരുമാനത്തെ എന്‍.ജി.ടി ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ 10 ദിവസം വാഹന നിയന്ത്രണം നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് സ്വതന്ത്രര്‍ കുമാര്‍ അദ്ധ്യക്ഷനായ ട്രൈബ്യൂണല്‍ ചോദിച്ചു. 500 കാറുകളെ തടഞ്ഞ് പകരം 1000 ഇരുചക്രവാഹനങ്ങള്‍ അനുവദിക്കുന്നതില്‍ എന്താണ് കാര്യമെന്നും ട്രൈബ്യൂണലിന്റെ ക്ഷമ പരീക്ഷിക്കരുതെന്നും സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കാന്‍ ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്.

മലിനീകരണം ഇല്ലാതാക്കാന്‍ അതോറിട്ടി നിര്‍ദ്ദേശിച്ച 100 കാര്യങ്ങളില്‍ ഒന്നുമാത്രമാണ് വാഹന നിയന്ത്രണമെന്ന് കോടതി ആവര്‍ത്തിച്ചു. 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തിലേറെയുള്ള പെട്രോള്‍ വാഹനങ്ങളും ഇപ്പോഴും റോഡില്‍ ഓടുന്നുണ്ടെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. നേരത്തെ, ഡല്‍ഹിയിലെ മലിനീകരണ പ്രശ്നം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതി വഷളാക്കിയത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും ട്രൈബ്യൂണല്‍ കുറ്റപ്പെടുത്തിയിരുന്നു.