തോമസ് ചാണ്ടിയെ ചവിട്ടിപ്പുറത്താക്കേണ്ട സമയം കഴിഞ്ഞെന്ന് സിപിഐ: ‘ചാണ്ടിയെ പോലെയുള്ള പുഴുക്കുത്തുകള്‍ മുന്നണിക്കും സര്‍ക്കാരിനും അപമാനം’

single-img
11 November 2017

തോമസ് ചാണ്ടിയെ പോലെയുള്ള പുഴുക്കുത്തുകള്‍ മുന്നണിക്കും സര്‍ക്കാരിനും അപമാനമായി മാറുകയാണെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍. കരയും കായലും തന്റെ തറവാട്ട് സ്വത്താണെന്ന് കരുതുകയും അത് വിളിച്ചു പറയുകയും ചെയ്യുന്ന ചാണ്ടിയെ ചവിട്ടി പുറത്താക്കേണ്ട സമയം കഴിഞ്ഞുവെന്നും ശിവരാമന്‍ പറഞ്ഞു.

സിപിഐ കരിങ്കുന്നം ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശിവരാമന്‍. തോമസ് ചാണ്ടിയെ പോലുള്ള കച്ചവട പ്രമാണിമാര്‍ക്കു പറ്റിയ ഇടമല്ല ഇടതുമുന്നണി.

ചാണ്ടിക്ക് രാഷ്ട്രീയമെന്നാല്‍ പണം കായ്ക്കുന്ന മരമാണ്. മറ്റൊന്നിനെ കുറിച്ചും മനസിലാക്കാന്‍ പറ്റാത്തതു കൊണ്ടാണ് സുധാകര്‍ റെഡ്ഡിയെ തോമസ് ചാണ്ടി അധിക്ഷേപിച്ചതെന്നും ശിവരാമന്‍ പറഞ്ഞു.

അതേസമയം മന്ത്രി തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചതായി സൂചന. നിയമോപദേശം എതിരായ സാഹചര്യത്തില്‍ അപമാനിതനായി മന്ത്രിസഭയില്‍ തുടരാനില്ലെന്ന് സംസ്ഥാന ദേശീയ നേതൃത്വത്തെ തോമസ്ചാണ്ടി അറിയിച്ചതായാണ് വിവരം.

ഇന്നലെ വൈകിട്ടോടെയാണ് പാര്‍ട്ടി സംസ്ഥാന കേന്ദ്ര നേതാക്കളെ തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചത്. സിപിഎം നേതൃത്വം അനുകൂലമല്ല എന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് രാജി തീരുമാനം എടുത്തതെങ്കിലും പെട്ടെന്ന് തീരുമാനം എടുക്കരുതെന്ന നിര്‍ദേശമാണ് ദേശീയ നേതൃത്വത്തില്‍ നിന്നും കിട്ടിയിരിക്കുന്നത്.

എന്‍സിപിയ്ക്ക് രാജ്യത്തുള്ള ഏക മന്ത്രിസ്ഥാനം എന്ന നിലയില്‍ സ്ഥാനം നഷ്ടപ്പെടുത്തരുതെന്നും ബുധനാഴ്ച വരെ ക്ഷമിക്കാനുമാണ് ദേശീയ നേതൃത്വം നല്‍കിയ മറുപടി. കോടതിയില്‍നിന്നുള്ള അവസാനവാക്കിനായി കാത്ത് രാജി നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കുമോയെന്നാണ് ഇപ്പോഴത്തെ ആലോചന.

മന്ത്രിസ്ഥാനത്തുനിന്ന് തോമസ് ചാണ്ടി ഒഴിയുമ്പോഴേക്കും ധാര്‍മികതയുടെ പേരില്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്ന എ.കെ. ശശീന്ദ്രനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള തീവ്രശ്രമവും നടക്കുന്നുണ്ട്. മന്ത്രിസ്ഥാനം പോവുകയും തത്സ്ഥാനത്തേക്ക് മറ്റാരെയെങ്കിലും സി.പി.എം. പരിഗണിക്കുകയും ചെയ്താല്‍, ശശീന്ദ്രന് തിരിച്ചുവരാന്‍ പ്രയാസമാവുമെന്ന ചിന്തയും പാര്‍ട്ടിയിലുണ്ട്.

ശശീന്ദ്രനെതിരേ പരാതി നല്‍കിയ യുവതി കേസ് പിന്‍വലിക്കാന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത് ഇതിന്റെ ഭാഗമായാണ്. ശശീന്ദ്രന്റെ ഭാവി നിശ്ചയിക്കുന്നത് ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ടായിരിക്കും. ഡിസംബര്‍ 30-നാണ് കമ്മിഷന്റെ കാലാവധി തീരുന്നത്.

തെളിവെടുപ്പും നടപടിക്രമങ്ങളും പൂര്‍ത്തിയായി. ഇനി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതി. റിപ്പോര്‍ട്ട് അനുകൂലമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ശശീന്ദ്രന്‍ അനുകൂലികള്‍. അതുവരെ ചാണ്ടിയെ എങ്ങനെ മന്ത്രി കസേരയില്‍ പിടിച്ചിരുത്തുമെന്നാണ് അവര്‍ തലപുകക്കുന്നത്.

അതേസമയം, തോമസ് ചാണ്ടി ഇപ്പോള്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാട് എന്‍.സി.പി സംസ്ഥാന നേതൃത്വം നാളെ നടക്കുന്ന ഇടത് മുന്നണി യോഗത്തില്‍ അറിയിക്കും. ബുധനാഴ്ച തോമസ് ചാണ്ടിക്കെതിരായ കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്. അതുവരെ കാത്തിരിക്കണമെന്നാവും എന്‍.സി.പി മുന്നണി യോഗത്തില്‍ ആവശ്യപ്പെടുക. എന്നാല്‍, സര്‍ക്കാരിന്റെ പ്രതിച്ഛായ കണക്കിലെടുത്ത് മുന്നണി നേതൃത്വം എന്‍.സി.പി നിലപാട് തള്ളിയേക്കാം.