നോട്ട് നിരോധനത്തെ പരിഹസിച്ചുകൊണ്ടുള്ള നടന്‍ ചിമ്പുവിന്റെ ഗാനം വൈറലാകുന്നു

single-img
11 November 2017

ചെന്നൈ: നോട്ട് നിരോധനത്തെ പരിഹസിച്ചുകൊണ്ടുള്ള നടന്‍ ചിമ്പുവിന്റെ ഗാനം വൈറലാകുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ചിമ്പുവിന്റെ പുതിയ സംഗീത ആല്‍ബത്തിലെ പാട്ടാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ തരംഗമാകുന്നത്. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികമായ നവംബര്‍ എട്ടിന് തന്നെയായിരുന്നു പാട്ട് പുറത്തു വിട്ടത്.

തട്രോം തൂക്ക്‌റോം എന്ന ചിമ്പുവിന്റെ പുതിയ സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. നോട്ട് നിരോധനത്തോടോപ്പം ജനങ്ങളെ വലച്ച ജിഎസ്ടിയെയും പാട്ട് വിമര്‍ശിക്കുന്നുണ്ട്. ‘ഡീമോണിസ്റ്റൈഷന്‍ ദേശീയഗാനം’ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന പാട്ടില്‍ നോട്ട് നിരോധനം മുതല്‍ ജി.എസ്.ടി വരെ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാനാണെന്ന് പറഞ്ഞ നോട്ട് നിരോധനത്തില്‍ സാധാരണക്കാര്‍ക്ക് മാത്രമേ നഷ്ടമുണ്ടായിട്ടുള്ളുവെന്നും കോപ്പറേറ്റുകള്‍ക്ക് ഒരു പ്രയാസവും ഉണ്ടായിട്ടില്ലെന്നും പാട്ടില്‍ പറയുന്നു. മദ്യരാജാവ് വിജയ് മല്യയെ പോലുള്ള കാശുകാര്‍ അവരുടെ കാശുകള്‍ വിദേശങ്ങളില്‍ എത്തിക്കുന്നെന്നും ഗാനത്തില്‍ പറയുന്നുണ്ട്.

രജനീകാന്ത്, കമലഹാസന്‍ തുടങ്ങിയവര്‍ നോട്ട്‌നിരോധനത്തിനെതിരെ പറയുന്ന കാര്യങ്ങളും പാട്ടില്‍ പറയുന്നു. എ.ടി.എം കൗണ്ടറുകളിലും മറ്റുമായി കഷ്ടപ്പെടുമ്പോള്‍ അടുത്ത അടിയായി ജി.എസ്.ടി വന്നു എന്നും ഗാനത്തില്‍ പറയുന്നു.
നോട്ട്‌നിരോധനം പെട്ടെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടും ബാങ്കില്‍ നിരോധിച്ച നോട്ട് മാറ്റിയെടുക്കാനുള്ള നീണ്ട ക്യുവില്‍ നില്‍ക്കുന്നതുമെല്ലാം ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ചിത്രീകരണമാണ് പാട്ടിലുള്ളത്.

ജിഎസ്ടി വന്നതിനെ തുടര്‍ന്ന് ജീവിതം കൂടുതല്‍ ബുദ്ധിമുട്ടിലായെന്നും പാട്ടില്‍ പറയുന്നുണ്ട്. വൈരമുത്തുവിന്റെ വരികള്‍ക്ക് ബാലമുരളി ബാലുവാണ് ഈണം നല്‍കിയിരിക്കുന്നത്. എന്ത് ജീവിതമാണിതെന്ന് കണ്‍ഫ്യൂഷനടിച്ചാണ് ജനങ്ങള്‍ ജീവിക്കുന്നതെന്ന് പറഞ്ഞാണ് ഗാനം അവസാനിപ്പിക്കുന്നത്.

നേരത്തെ തമിഴ് താരം വിജയ് ചിത്രം മെര്‍സലില്‍ ജി.എസ്.ടിയെയും നോട്ട് നിരോധനത്തെത്തെയും കുറിച്ച് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെതിരെ ബിജെപി രംഗത്തെത്തുകയും ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും പരിഹസിച്ച് ചിമ്പു രംഗത്തെത്തിയിരിക്കുന്നത്.