ഗതാഗത മന്ത്രി തോമസ് ചാണ്ടി വീണ്ടും വെട്ടില്‍: ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുതയുണ്ടെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം

single-img
11 November 2017

മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടിന് നിയമസാധുതയുണ്ടെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. ഇന്നലെ സര്‍ക്കാറിന് നല്‍കിയ നിയമോപദേശത്തില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദ് പറയുന്നു.

തുടര്‍നടപടികള്‍ തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. ഹൈക്കോടതി വിധി വരുന്നതുവരെ കാത്തിരിക്കണോ വേണ്ടയോയെന്നതു സര്‍ക്കാരിനു തീരുമാനിക്കാമെന്നും എജി പറഞ്ഞു. ഇതോടെ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് കുരുക്കുകള്‍ മുറുകി. അതേസമയം, കളക്ടറുടെ റിപ്പോര്‍ട്ടിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് മന്ത്രി ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ഹൈക്കോടതിയെ സമീപിച്ച സ്ഥിതിക്ക്, സര്‍ക്കാരിന് അക്കാര്യവും പരിഗണിക്കാവുന്നതാണെന്നും എ.ജി ചൂണ്ടിക്കാട്ടുന്നു.

കളക്ടറുടെ റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകളില്‍ ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കാമെന്ന വിലയിരുത്തലും നിയമോപദേശത്തിലുണ്ട്. നിയമോപദേശം എതിരായാല്‍ തോമസ് ചാണ്ടിയെ തുണയ്‌ക്കേണ്ടെന്നാണു സിപിഎമ്മിന്റെ നിലപാട്. സിപിഐയും തോമസ് ചാണ്ടിക്കെതിരായ നിലപാടിലാണ്.

രാജിയെന്ന ആവശ്യത്തിലുറച്ചു നില്‍ക്കുകയാണവര്‍. എന്നാല്‍ രാജി ഇപ്പോള്‍ വേണ്ടെന്നാണ് എന്‍സിപി വ്യക്തമാക്കിയത്. ചൊവ്വാഴ്ചത്തെ കോടതി വിധിക്കുശേഷം മാത്രം തീരുമാനമെടുത്താല്‍ മതിയെന്നും അവര്‍ പറയുന്നു. കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയില്‍ മന്ത്രി നല്‍കിയ ഹര്‍ജി ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്.

മാര്‍ത്താണ്ഡം കായല്‍ ഭൂമി കയ്യേറ്റത്തിലും, ലൈക്ക് പാലസ് റോഡിന്റെ പേരിലും നിയമലംഘനം നടന്നിട്ടുണ്ടെന്ന് നേരത്തെ ആലപ്പുഴ ജില്ല കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പുറമേ ഹൈക്കോടതി മന്ത്രി നിയമത്തിന് അതീതനാണോ എന്ന് പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം തോമസ് ചാണ്ടി രാജിവയ്ക്കണം എന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി തോമസ് ചാണ്ടിയുടെ രാജി കാര്യത്തില്‍ ഇതുവരെ പരസ്യ പരാമര്‍ശനത്തിന് തയ്യാറായില്ലെങ്കിലും, ചാണ്ടി രാജികാര്യം സ്വയം തീരുമാനിക്കണം എന്നാണ് സിപിഎം ഇന്നലെ ചാണ്ടിയുടെ കക്ഷിയായ എന്‍സിപിയെ അറിയിച്ചത്.