കണ്ണൂരില്‍ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്ന് വന്‍ ആയുധശേഖരവും ബോംബുകളും പിടികൂടി

single-img
11 November 2017

കണ്ണൂരില്‍ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടി. തൊക്കിലങ്ങാടി, തട്ടോളിക്കര എന്നിവിടങ്ങളില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. പിടികൂടിയവയില്‍ സ്റ്റീല്‍ ബോംബ് ഉള്‍പ്പെടെ ഉഗ്രസ്ഫോടനശേഷിയുള്ള സ്ഫോടകവസ്തുക്കളും ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്ന് രാവിലെ കൂത്തുപറമ്പ് പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ തിരച്ചിലിലാണ് ബോംബുകള്‍ പിടിച്ചത്. കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിന്റെ പരിസരത്ത് കുഴിച്ചിട്ട നിലയിലായിരുന്നു ആയുധങ്ങള്‍. ആര്‍.എസ്.എസ് കാര്യാലയത്തില്‍ കഴിഞ്ഞ ദിവസം ബോംബ് സ്‌ഫോടനം ഉണ്ടായിരുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ മാരക ശേഷിയുള്ള ബോംബുകള്‍ പിടികൂടിയിരുന്നു.

ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പറയപ്പെടുന്നു. ശാഖാ പ്രവര്‍ത്തനവും സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കാറുണ്ട്. തട്ടോളിക്കര ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നും തൊഴിലുറപ്പ് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് വാളുകള്‍ കിട്ടിയത്.