നിയമത്തെ വെല്ലുവിളിച്ച് നടി അമലപോള്‍: ‘പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് കേരളത്തില്‍ നികുതി അടയ്ക്കില്ല’

single-img
11 November 2017

കൊച്ചി: പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് നടി അമലാ പോള്‍. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കോടി രൂപ വിലവരുന്ന എസ് ക്ലാസ് ബെന്‍സ് കാറിന്റെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് അയച്ച നോട്ടീസിനു അിഭാഷകന്‍ മുഖേന മറുപടി നല്‍കുകയായിരുന്നു അമലപോള്‍.

സിനിമാ അഭിനയവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിക്കുന്ന ആളാണ് താന്‍. അതിനാല്‍ കേരളത്തില്‍ വാഹന നികുതി അടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടി മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചു. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് രാജ്യത്തെവിടെയും സ്വത്ത് സമ്പാദിക്കാമെന്ന് അമലാ പോള്‍ നേരത്തെ തുറന്നടിച്ചിരുന്നു.

അതേസമയം അമലാ പോളിന്റെ മറുപടി തൃപ്തികരമല്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. വ്യാജ വാടകക്കരാറുണ്ടാക്കി പുതുച്ചേരിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് അമലാപോളിന്റെ വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും തുടര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും എറണാകുളം ആര്‍ടിഒ പറഞ്ഞു. 20 ലക്ഷം രൂപയുടെ നികുതിയാണ് ഈ ക്രമക്കേടിലൂടെ സംസ്ഥാന സര്‍ക്കാരിന് നഷ്ടം ഉണ്ടാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ട്.