കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി എംപി: ‘നോട്ട് നിരോധനം മൂലം നിരവധി ആളുകള്‍ ദാരിദ്ര്യവും പട്ടിണിയും നേരിടുന്നു’

single-img
10 November 2017

ന്യൂഡല്‍ഹി: നോട്ട് നിരോധനം തൊഴിലില്ലായ്മയ്ക്കും ആത്മഹത്യകള്‍ക്കും വഴിവെച്ചെന്ന് ബി.ജെ.പിയുടെ അലഹബാദ് എം.പി ശ്യാം ചരണ്‍ ഗുപ്ത. പാര്‍ലമെന്ററി പാനല്‍ മീറ്റിങ്ങില്‍ സംസാരിക്കവേയായിരുന്നു ശ്യാം ചരണ്‍ കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധന നയത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.

നോട്ട് നിരോധനം അസംഘടിത മേഖലയെ തന്നെ തകിടം മറിച്ചെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് എം. വീരപ്പമൊയ്‌ലി അധ്യക്ഷനായുള്ള ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിലാണ് ബീഡി വ്യവസായി കൂടിയായ ശ്യാമചരണിന്റെ വിമര്‍ശനം.

കള്ളപ്പണ വിരുദ്ധ ദിനമായി നവംബര്‍ 8 കേന്ദ്രസര്‍ക്കാര്‍ ആചരിച്ചതിന് തൊട്ടുപിന്നാലെയാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ട് സ്വന്തം പാര്‍ട്ടിയിലെ തന്നെ ജനപ്രതിനിധി രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്. തന്റെ വ്യവസായത്തിനും നോട്ട് നിരോധനം വലിയ തിരിച്ചടിയായെന്നും അദ്ദേഹം പഞ്ഞു.

പണത്തിന്റെ ഒഴുക്ക് സര്‍ക്കാര്‍ കുറച്ചതോടെ തൊഴിലിന്റെ എണ്ണം കുറഞ്ഞു. ഇതിന് പിന്നാലെ ബീഡിക്ക് 28 ശതമാനം ജി.എസ്.ടി കൂടി പ്രഖ്യാപിച്ചു. എല്ലാം കൂടി ആയപ്പോഴേക്കും വ്യവാസായം കൂപ്പുകുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം നോട്ട് നിരോധനത്തെ തുടര്‍ന്ന് അംസംഘടിത മേഖലയില്‍ ഉണ്ടായ ആത്മഹത്യാനിരക്കുകളുടെ കണക്ക് ശേഖരിക്കണമെന്നും ഉദ്യോസ്ഥരോട് യോഗത്തിനിടെ ഗുപ്ത ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി ആളുകള്‍ ദാരിദ്ര്യവും പട്ടിണിയും നേരിടുകയാണ്.

സാഹചര്യം അങ്ങേയറ്റം പ്രതികൂലമാണെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനം കാരണം ആത്മഹത്യ ചെയ്തവരുടെ കണക്കുകള്‍ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സൂക്ഷിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം ചരണ്‍ ഗുപ്തയല്ലാതെ മറ്റു ബി.ജെ.പി നേതാക്കളാരും തന്നെ യോഗത്തില്‍ നോട്ട് നിരോധനത്തെക്കുറിച്ച് സര്‍ക്കാരിന് അനുകൂലമായും പ്രതികൂലമായും സംസാരിച്ചില്ല. മിക്കവരും യോഗത്തില്‍ മൗനം പാലിക്കുകയായിരുന്നു.