ബി.ജെ.പിയെ മുഖ്യശത്രുവാക്കി ശിവസേന: ഗുജറാത്തില്‍ 75 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

single-img
10 November 2017

മുംബൈ: ബി.ജെ.പിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് ഗുജറാത്തില്‍ 50 മുതല്‍ 75 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ശിവസേന. ജയസാധ്യതയില്ലെങ്കിലും ചില മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പിക്ക് തലവേദനയുണ്ടാക്കാന്‍ ശിവസേനയുടെ സാന്നിധ്യത്തിനു കഴിയുമെന്നാണ് വിലയിരുത്തല്‍.

സൂറത്ത്, അഹമ്മദാബാദ് മേഖലകളിലെ 50-60 സീറ്റില്‍ മത്സരിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നതെന്ന് ശിവസേനയുടെ ഗുജറാത്ത് വിങ് കോഓര്‍ഡിനേറ്ററും ഓഷിവാരയില്‍നിന്നുള്ള നഗരസഭാംഗവുമായ രാജു പട്ടേല്‍ പറഞ്ഞു. പട്ടേലിന്റെ നേതൃത്വത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയം നടക്കുന്നത്.

കേന്ദ്രത്തിലും മഹാരാഷ്ട്രയിലും എന്‍ഡിഎയിലെന്നത് കാര്യമാക്കുന്നില്ലെന്നും ഗുജറാത്തില്‍ 50 മുതല്‍ 75 സീറ്റുകളില്‍ വരെ ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും രാജ്യസഭാ എംപിയും ശിവസേനാ നേതാവുമായ അനില്‍ ദേശായി പറഞ്ഞു. പൊതുവേ ബിജെപിയെ പിന്തുണച്ചുപോരുന്ന ഗുജറാത്തിലെ മഹാരാഷ്ട്രീയരുടെയും മറാത്തി സംസാരിക്കുന്ന മറ്റ് വിഭാഗക്കാരേയുമാണ് ശിവസേന ലക്ഷ്യമിടുന്നത്.

നേരത്തെ തന്നെ ബി.ജെ.പിയോട് അങ്കം കുറിച്ച് ഗുജറാത്തില്‍ 25 സീറ്റുകളില്‍ മത്സരിക്കുമെന്ന് ശിവസേന പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതു പോരെന്നാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ വിലയിരുത്തല്‍. നോട്ടുനിരോധനം, ജി.എസ്.ടി വിഷയങ്ങളില്‍ ദേശീയ തലത്തിലും ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ശിവസേന ഉന്നയിക്കുന്നത്.

അതേസമയം, കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച്, തീരുമാനം കൈക്കൊള്ളുന്നതിനായി കേന്ദ്രതിരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേര്‍ന്നേക്കും. വിശാലസഖ്യത്തില്‍ എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കുകയെന്നത് വലിയ കടമ്പയാണെങ്കിലും ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 89 സീറ്റിലേക്ക് ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.