സൗദിയില്‍ ഇതുവരെ അറസ്റ്റ് ചെയ്തത് 201 പേരെ: വെട്ടിച്ചത് 100 ലക്ഷം കോടിയോളം രൂപ

single-img
10 November 2017

അഴിമതി നിര്‍മാര്‍ജന നടപടികളുടെ ഭാഗമായി സൗദിയില്‍ ഇതുവരെ 201 പേരെ അറസ്റ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ട്. 100 ലക്ഷം കോടിയോളം തുകയാണ് അറസ്റ്റിലായ 201 പേര്‍ ചേര്‍ന്ന് വെട്ടിച്ചത്. 208 പേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഏഴു പേരെ പിന്നീട് വിട്ടയച്ചതായി സൗദി അറേബ്യന്‍ അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍ മൊജേബിനെ ഉദ്ധരിച്ച് സൗദി വിവരാവകാശ മന്ത്രാലയം പറഞ്ഞു.

കഴിഞ്ഞ മൂന്നു വര്‍ഷത്തെ അന്വേഷണത്തിന്റെ ഭാഗമായി 100 ബില്യണോളം യുഎസ് ഡോളറാണ് അഴിമതിയിലൂടെ ഇവര്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന് സൗദ് അല്‍ മൊജേബ് പറഞ്ഞു. പിടിക്കപ്പെട്ടവരുടെ 1700ഓളം ബാങ്ക് അക്കൗണ്ടുകളും മറ്റ് പണ ഇടപാടുകളും സൗദി സര്‍ക്കാര്‍ മരവിപ്പിച്ചിട്ടുണ്ട്.

എന്നാല്‍, മരവിപ്പിച്ച മൊത്തം ബാങ്ക് അക്കൗണ്ടുകളിലായി എത്ര തുകയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. വര്‍ഷങ്ങളായി വന്‍തോതില്‍ അഴിമതിയും പൊതു അധികാരികളുടെ ദുരുപയോഗവും നടക്കുന്നതായി സൗദിസ് പരാതി നല്‍കിയിട്ടുണ്ട്. അറസ്റ്റിലായവരുടെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചവരുടെയും പേരുവിവരങ്ങളും പുറത്തുവിട്ടിട്ടില്ല. അവരുടെ സ്വകാര്യതയ്ക്ക് ഭരണകൂടം അങ്ങേയറ്റം വില കല്‍പിക്കുന്നതുകൊണ്ടാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.

സൗദി സര്‍ക്കാരിന്റെ ഈ ശുദ്ധീകരണം മദ്ധ്യേഷ്യയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. രാഷ്ട്രീയ പ്രമുഖരും രാജകുടുംബാംഗങ്ങളും മന്ത്രിമാരുമടക്കം വ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ടത് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു.

രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അഴിമതി വിരുദ്ധ സമിതിയുടെ തലവനായി നിയമിക്കപ്പെട്ടതിനു പിറ്റേ ദിവസം മുതല്‍ക്കാണ് രാജ്യത്തെ നടുക്കിയ അറസ്റ്റുകള്‍ നടന്നത്. അറസ്റ്റിലായവരില്‍ ബില്യണയര്‍ പ്രിന്‍സ് അല്‍വാലിഡ് ബിന്‍ താലാല്‍, രാജകുമാരനായ അബ്ദുള്ളയുടെ രണ്ട് മക്കള്‍ എന്നിവരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം പുതിയ കിരീടാവകാശിയുടെ നീക്കങ്ങള്‍ നിഗൂഢത നിറഞ്ഞതാണെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. സൗദി രാജ കുടുംബാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും ഭിന്നതകളും മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അറബ് ചരിത്രത്തില്‍ കേട്ടുകേല്‍വിയില്ലാത്ത നടപടിയായാണ് മന്ത്രിമാരുടെയും മുന്‍ മന്ത്രിമാരുടെയും മത പണ്ഡിതന്മാരുടെയും അറസ്റ്റും അനുബന്ധ നീക്കങ്ങളുമെന്നാണ് റിപ്പോര്‍ട്ട്.

എണ്ണ സമ്പത്തിന്റെ വലിയൊരു വരുമാനവും രാജ കുടുംബാംഗങ്ങള്‍ അനുഭവിക്കുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും ഇതിനെതിരെ മാറിവരുന്ന ഭരണാധികാരികള്‍ ഇതുവരെയും ചോദ്യം ചെയ്തിട്ടില്ല. എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അഴിമതി വിരുദ്ധ സമിതി മേധാവിയായി ചുമതലയേറ്റതോടെ ഇതിന് മാറ്റം വരികയായിരുന്നു.