സൗദിയില്‍ സ്വദേശിവല്‍ക്കരിച്ച മേഖലയില്‍ വിദേശികള്‍ ജോലി ചെയ്താല്‍ പിഴ ചുമത്തി നാടുകടത്തും

single-img
10 November 2017

സൗദിയില്‍ സ്വദേശിവല്‍ക്കരിച്ച മേഖലയില്‍ വിദേശികളെ തുടരാന്‍ അനുവദിക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം. നിയമലംഘനം കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം സ്വദേശികള്‍ക്ക് സംവരണമേര്‍പ്പെടുത്തിയ തസ്തികയില്‍ വിദേശികള്‍ ജോലി ചെയ്യുന്നതായി കാണിച്ച് സ്വദേശികള്‍ മൊബൈല്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു.

സൗദിയിലെ അല്‍ മുര്‍സലാത്ത് കോംപ്ലക്‌സിലാണ് സ്വദേശികള്‍ മൊബൈല്‍ കടകളടച്ച് പ്രതിഷേധിച്ചത്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിഷയം ചൂണ്ടിക്കാട്ടി തൊഴില്‍ മന്ത്രാലയത്തിന് ഇവര്‍ പരാതിയും നല്‍കിയിരുന്നു.
സൗദി സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ മേഖലകളുണ്ട്.

ഇവിടെ വിദേശികള്‍ ജോലി ചെയ്യുന്നില്ലെന്ന് തൊഴില്‍ മന്ത്രാലയം പരിശോധന നടത്തി ഉറപ്പുവരുത്തണമെന്നും പരാതിയില്‍ പറയുന്നു. ഇതിനു പിന്നാലെയാണ് തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വന്നത്. മൊബൈല്‍ മേഖല 100 ശതമാനം സ്വദേശിവത്കരിച്ചതാണ്.

സ്വദേശികള്‍ക്ക് അവകാശപ്പെട്ട ഏതെങ്കിലും ജോലിയില്‍ വിദേശികളെ കണ്ടത്തെിയാല്‍ ഇവര്‍ക്ക് പിഴ ചുമത്തി നാടുകടത്തും. സ്ഥാപനങ്ങളാണ് കുറ്റക്കാരെങ്കില്‍ പിഴ ചുമത്തുന്നത് സ്ഥാപനത്തിനായിരിക്കും. നിയമലംഘകരുടെ എണ്ണത്തിനനുസരിച്ച് പിഴ സംഖ്യ ഇരട്ടിക്കും.

സംവരണം ഏര്‍പ്പെടുത്തിയ മേഖലയില്‍ സ്വദേശികളുടെ പേരില്‍ നടത്തപ്പെടുന്ന ബിനാമി സ്ഥാപനങ്ങളും പരിശോധനയില്‍ കണ്ടത്തൊനായിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഷോപ്പിങ് മാളുകളും വാണിജ്യ കേന്ദ്രങ്ങളും കേന്ദ്രീകരിച്ചു പരിശോധന കര്‍ശനമാക്കുന്നതിലൂടെ സ്വദേശിവത്കരണം കാര്യക്ഷമമാക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി.