ബിജെപി നേതാക്കളുടെ ആവശ്യം തള്ളി: ‘പദ്മാവതി’യുടെ റിലീസിങ് തടയാനാവില്ലെന്ന് സുപ്രീംകോടതി

single-img
10 November 2017

പദ്മാവതി റിലീസ്

ന്യൂഡല്‍ഹി: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ‘പദ്മാവതി’യുടെ റിലീസിങ് തടയാനാവില്ലെന്ന് സുപ്രീംകോടതി. എങ്ങനെയാണ് ചിത്രം റിലീസ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം സെന്‍സര്‍ ബോര്‍ഡിനാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

അതിനിടെ ചിത്രം തടയാനാവില്ലെന്ന് അലഹബാദ് ഹൈകോടതിയും വിധിച്ചു. ചിത്രം രാജ്പുത് സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുമെന്നും ഇത് സംഘര്‍ഷമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി നേരത്തെ ബി.ജെ.പി ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ പരാതി തെരഞ്ഞെടുപ്പ് കമ്മീഷനും തള്ളി. ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുക. 14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പദ്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. 60 കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രം ചിത്രീകരിച്ചത്.

സിനിമയ്‌ക്കെതിരെ രജപുത് വിഭാഗക്കാര്‍ ചിറ്റോര്‍ഗഡില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. സിനിമയില്‍ മേവാറിലെ രാജ്ഞി റാണി പത്മിനിയെ മോശമായി ചിത്രീകരിച്ച ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രകടനങ്ങള്‍ നടത്തിയത്.