ബോറടി മാറ്റാന്‍ നേഴ്‌സ് കുത്തിവെച്ച് കൊന്നത് 106 രോഗികളെ: ഞെട്ടിക്കുന്ന കൊലപാതക പരമ്പരകളുടെ ചുരുളഴിച്ച് ജര്‍മ്മന്‍ പോലീസ്

single-img
10 November 2017

ബെര്‍ലിന്‍: ബോറടി മാറ്റാന്‍ ജര്‍മന്‍ നേഴ്‌സ് കൊന്നു തള്ളിയത് 106 രോഗികളെ. നീല്‍സ് ഹോഗെല്‍ എന്ന 41 കാരനാണ് ക്രൂരനായ കൊലയാളി. ജര്‍മ്മനിയിലെ വടക്കന്‍ നഗരമായ ബ്രമെനിലെ ദെല്‍മെന്‍ഹോസ്റ്റ് ആശുപത്രിയില്‍ 2015ല്‍ നടന്ന രണ്ടു കൊലപാതകങ്ങളുടെ അന്വേഷണത്തെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരകളുടെ ചുരുളഴിയുന്നത്.

ജീവിതത്തില്‍ മുഷിപ്പുണ്ടാവുമ്പോള്‍ മാരക വിഷങ്ങള്‍ കുത്തിവെച്ച് ആളുകളെ കൊല്ലുന്നതിലാണ് നീല്‍സ് ഹേഗല്‍ എന്ന പുരുഷ നേഴ്‌സ് ഹരം കണ്ടെത്തിയിരുന്നത്. ജോലി ചെയ്യുന്ന ആശുപത്രികളിലെ രോഗികളായിരുന്നു ഇയാളുടെ പ്രധാന ഇര. ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളില്‍ മരണകാരണമാകാവുന്ന മരുന്നുകള്‍ കുത്തിവയ്ക്കുകയായിരുന്നു ഇയാള്‍.

നേഴ്‌സായി ജീവിതം ആരംഭിച്ചതു മുതല്‍ 41 കാരനായ ഹേഗല്‍ കൊലപാതകത്തില്‍ ഹരം കണ്ടെത്തിയിരുന്നു. 1999-2005 കാലഘട്ടത്തില്‍ രണ്ട് ആശുപത്രികളിലായി 90 പേരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഇത് കൂടാതെ 16 കൊലപാതകം കൂടി ഇയാള്‍ നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. രോഗികളില്‍ മരുന്ന് കുത്തിവെക്കുന്നതിലൂടെ അവരുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തേയും രക്തചംക്രമണത്തേയും തകരാറിലാക്കുന്നു. കുത്തിവെപ്പ് വിജയകരമാണോ എന്ന് ഉറപ്പുവരുത്താനും ഇയാള്‍ ശ്രദ്ധിക്കാറുണ്ട്.

രോഗികളില്‍ മരുന്നു കുത്തിവയ്ക്കാറുണ്ടായിരുന്നുവെന്ന് നെയ്ല്‍സ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കുത്തിവയ്‌പ്പെടുക്കുന്നതോടെ ഹൃദയസ്തംഭമോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടാകും. ഇതിനുപിന്നാലെ രോഗികളെ രക്ഷപെടുത്താന്‍ ശ്രമിക്കുമ്പോള്‍ നല്ലപരിവേഷം ലഭിക്കുകയും ചെയ്യും. 2005 ജൂണില്‍ നെയ്ല്‍സ് രോഗിയെ കുത്തിവയ്ക്കുന്നതു ശ്രദ്ധയില്‍പ്പെട്ട മറ്റൊരു നഴ്‌സാണ് പരാതി നല്‍കിയത്. അതേത്തുടര്‍ന്ന് നെയ്ല്‍സ് അറസ്റ്റു ചെയ്യപ്പെടുകയും 2008ല്‍ ഏഴര വര്‍ഷത്തേക്കു ശിക്ഷിക്കപ്പെടുകയും ചെയ്തു.

സംഭവം പുറത്തു വന്നതോടെ ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നെയ്ല്‍സിനെതിരെ പരാതി ലഭിക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. രാജ്യത്തെ തന്നെ എറ്റവും വലിയ കൊലപാതക പരമ്പരയാണ് ഇതെന്ന് അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭീകരമായ കേസാണിത്. സംഭവം തങ്ങളെ ഞെട്ടിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ കേസുകളും ഹേഗലിന് ഓര്‍മയില്ലെന്നും എന്നാല്‍ 30ലധികം രോഗികളെയും അവരുടെ സ്വഭാവ രീതികളും അയാള്‍ക്ക് വ്യക്തമായി അറിയാമെന്നും ഹേഗലിന്റെ അഭിഭാഷകന്‍ പറഞ്ഞു. നിരവധി പേരെ ഇത്തരത്തില്‍ ഹേഗല്‍ കൊല ചെയ്യാന്‍ ശ്രമം നടത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. രോഗികളുടെ ശരീരത്തില്‍ നിന്നും ഇയാള്‍ കുത്തിവെക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ അംശം കണ്ടെത്തിയിട്ടുണ്ട്.