തോമസ് ചാണ്ടിക്ക് പൂര്‍ണപിന്തുണയുമായി എന്‍സിപി: ‘മന്ത്രി രാജിവയ്‌ക്കേണ്ടതില്ല; കോടതിയുടെ പരാമര്‍ശം കണക്കാക്കേണ്ടതില്ല’

single-img
10 November 2017

തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് എന്‍സിപിയുടെ പൂര്‍ണപിന്തുണ. മന്ത്രി രാജിവെക്കണമെന്ന സിപിഎമ്മിന്റെ ആവശ്യം പാര്‍ട്ടി തള്ളി. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ പരാമര്‍ശം കണക്കിലെടുത്ത് മന്ത്രി തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ടതില്ലെന്ന് എന്‍.സി.പി സംസ്ഥാന സെക്രട്ടറി ടി.പി.പീതാംബരന്‍ പറഞ്ഞു.

നിയമോപദേശം എതിരാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ തോമസ് ചാണ്ടിയെ വിളിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങേണ്ട കാര്യമില്ലെന്നാണു പാര്‍ട്ടിയുടെ തീരുമാനം.

മന്ത്രി തെറ്റ് ചെയ്തിട്ടില്ലെന്നാണു കരുതുന്നത്. കോടതിയുടെ പരാമര്‍ശം കണക്കാക്കേണ്ടതില്ല, വിധി വരട്ടെ. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ സിപിഎമ്മുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും പീതാംബരന്‍ പറഞ്ഞു. മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കയ്യേറ്റ ആരോപണത്തില്‍ നിലപാടറിയിക്കാന്‍ എന്‍സിപിയ്ക്ക് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് സംസ്ഥാന പ്രസിഡന്റിന്റെ അഭിപ്രായ പ്രകടനം.

രാജിക്കാര്യത്തില്‍ തോമസ് ചാണ്ടി സ്വയം തീരുമാനമെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. വിഷയത്തിന്റെ ഗൗരവം മനസിലാക്കി ചാണ്ടി സ്വയം തീരുമാനം എടുക്കണമെന്നായിരുന്നു സിപിഎമ്മിന്റെ ആവശ്യം. തോമസ് ചാണ്ടി വിഷയത്തില്‍ എന്‍സിപി നിലപാട് വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജി ഇല്ലെന്ന മുന്‍നിലപാടില്‍ ഉറച്ച് നില്‍ക്കാനാണ് എന്‍സിപി തീരുമാനിച്ചിരിക്കുന്നത്.