സ്ഥിതിഗതികള്‍ യുദ്ധത്തിലേക്ക്: ലെബനനില്‍ നിന്ന് തിരിച്ചെത്താന്‍ പൗരന്‍മാര്‍ക്ക് സൗദി നിര്‍ദ്ദേശം നല്‍കി

single-img
10 November 2017

ലബനിലെ പൗരന്മാരോട് എത്രയും പെട്ടെന്ന് തിരിച്ചെത്തണമെന്ന് സൗദി. ലെബനന്‍ പ്രധാനമന്ത്രി സാദ് ഹരീരി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് സൗദിയുടെ നിര്‍ദേശം. സ്ഥിതിഗതികള്‍ മോശമായതിനാല്‍ പൗരന്മാര്‍ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും നിലവില്‍ അവിടെ താമസിക്കുന്നവര്‍ ഉടന്‍ രാജ്യം വിടാന്‍ സന്നദ്ധരാവണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

യമനിലെ ഹൂതികള്‍ക്ക് പിന്തുണ നല്‍കുന്ന ഹിസ്ബുല്ല സായുധ സംഘത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അടുത്തിടെ സൗദി നടത്തിയത്. ഹിസ്ബുല്ലയുടെ പ്രേരണയില്‍ തങ്ങളോട് ലബനാന്‍ യുദ്ധപ്രഖ്യാപനം നടത്തിയിട്ടുണ്ടെന്നും അതിര്‍ത്തിയിലെ സ്ഥിതി ഭീതിജനകമാണെന്നും സൗദി വ്യക്തമാക്കിയിരുന്നു.

ഹൂതികളുടെ നേതൃത്വത്തില്‍ റിയാദിലെ വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം നടന്നതോടെയാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് തുടക്കമായത്. ആക്രമണത്തിനായി ഹൂതികള്‍ക്ക് മിസൈല്‍ നല്‍കിയത് ഇറാനാണെന്നും സൈനിക സഹായവും മറ്റും നല്‍കി സൗദിയെ തകര്‍ക്കാന്‍ ഹിസ്ബുല്ല ശ്രമിക്കുന്നുണ്ടെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തെ ആരോപിച്ചിരുന്നു.

അതേസമയം സൗദിയുടെ തീരുമാനത്തിന് പിന്നാലെ യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും സമാന നിര്‍ദേശം തങ്ങളുടെ പൗരന്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഹരീരിയുടെ രാജിക്കുശേഷം ലെബനനും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളില്‍ വിള്ളല്‍ വീണിരുന്നു.

സൗദി അറേബ്യ സന്ദര്‍ശിച്ചതിന് ശേഷമാണ് ഹരീരി രാജി പ്രഖ്യാപനം നടത്തിയത്. ഇറാന്‍ പിന്തുണയുള്ള സംഘടനയായ ഹിസ്ബുള്ള തന്റെ ജീവന്‍ അപായപ്പെടുത്തുമെന്ന ഭീഷണിയാണ് രാജിക്ക് കാരണമായി ഹരീരി പറഞ്ഞത്.