ഫെെവ് സ്‌റ്റാർ ഹോട്ടലുകളിൽ ഒഴികെ എല്ലാ ഹോട്ടലിലും ഭക്ഷണത്തിന്റെ വില കുറയും: ജിഎസ്ടി അഞ്ചു ശതമാനമാക്കി കുറച്ചു

single-img
10 November 2017

ഹോട്ടലുകളിലെ ഭക്ഷണത്തിന് ജി.എസ്.ടി അഞ്ച് ശതമാനമാക്കി കുറയ്‌ക്കാൻ തീരുമാനം. ഫെെവ് സ്‌റ്റാർ ഹോട്ടലുകളിൽ ഒഴികെ എല്ലാ ഹോട്ടലിലും ഇനി ഒരേ നികുതി ആയിരിക്കും.

പഞ്ചനക്ഷത്ര ഹോട്ടലുകളിൽമാത്രം നികുതി 28 ശതമാനമായി തുടരും. പഴയ നിരക്കുപ്രകാരം എസി റസ്റ്ററന്റുകളിൽ 18 ശതമാനവും നോൺ എസി റസ്റ്ററന്റുകളിൽ 12 ശതമാനവുമായിരുന്നു നികുതി. റസ്റ്ററന്റുകളിലെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നു.

പുതിയ നിരക്ക് നിലവിൽ വരുന്നതോടെ ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ വില കുറയും. നികുതി നിരക്കിലെ മാറ്റം ഈ മാസം പതിനഞ്ച് മുതൽ പ്രാബല്യത്തിൽ വരും.

അതിനിടെ, വലിയ വിമർശനങ്ങൾ‌ നേരിടേണ്ടി വന്നതോടെ 28 ശതമാനം നികുതി നൽകേണ്ട ഉയർന്ന സ്ലാബിൽ 50 ഉൽപന്നങ്ങളെ മാത്രം നിജപ്പെടുത്താനും തീരുമാനമായി. ഇതോടെ 177 ഉൽപ്പന്നങ്ങളുടെ വിലകുറയും.

സാധാരണക്കാർ ദിനംപ്രതിയെന്ന കണക്കിൽ ഉപയോഗിക്കുന്ന ചോക്കലേറ്റ്, ച്യൂയിങ്ഗം, ഷാംപൂ, ഡിയോഡ്രൻഡ്, ഷൂ പോളിഷ്, സോപ്പുപൊടി, പോഷക പാനീയങ്ങൾ തുടങ്ങിയവരുടെ നികുതിയാണു കുറച്ചത്.

ആഡംബര വസ്തുക്കളുടെ പട്ടികയിലുൾപ്പെടുത്തി വാഷിങ് മെഷീനുകൾ, എയർ കണ്ടീഷണർ, പെയിന്റ്, സിമെന്റ് തുടങ്ങിയവ 28 ശതമാനത്തിൽ‍ തന്നെ നിലനിർത്തിയിരിക്കുകയാണ്. അതേസമയം, ഇത്രയധികം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നതിലൂടെ 20,000 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

മൂന്നു കോടിയിലേറെവരുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾ(എംഎസ്‌എംഇ)ക്ക് ആശ്വാസമാകുന്നതാണ് കൗൺസിൽ തീരുമാനം. ജിഎസ്‌ടിയുടെ ഫലമായി ഏറ്റവും കൂടുതൽ പ്രയാസത്തിലായ മേഖലകളിലൊന്ന് എംഎസ്‌എംഇയാണ്. ഈ സംരംഭങ്ങളിൽ ജോലി ചെയ്‌തിരുന്ന അനേകം പേർക്കു തൊഴിൽ നഷ്‌ടപ്പെടുകപോലും ചെയ്‌തു.