ഡല്‍ഹി നിവാസികള്‍ ശുദ്ധവായു തേടി നെട്ടോട്ടത്തിൽ: ശ്വാസകോശ രോഗങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കൂടി

single-img
10 November 2017

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന നഗരത്തില്‍ നിന്നും ശുദ്ധവായു തേടി നെട്ടോട്ടമോടുകയാണ് ഡല്‍ഹി നിവാസികള്‍. വിഷവായു നിറഞ്ഞ നഗരത്തില്‍ മിന്നും മാറി നില്‍ക്കാനൊരുങ്ങുകയാണ് ജനങ്ങള്‍. രണ്ട് ദിവസമെങ്കിലും ഡല്‍ഹിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള വഴിയാണ് ഇവര്‍ തേടുന്നത്.

ചിലര്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഷിംല, മസൂറി എന്നിവിടങ്ങളാണ് താത്കാലിക ഇടത്താവളങ്ങളായി കണ്ടെത്തിയിട്ടുള്ളത്. സിംഗപുര്‍, കൊളംബോ തുടങ്ങിയ തൊട്ടയല്‍ രാജ്യങ്ങളിലേക്ക് പോകുന്നവരുമുണ്ട്. ഇതേത്തുടര്‍ന്ന് ബുക്കിങ്ങിന് കഴിഞ്ഞ രണ്ട് ദിവസങ്ങളായി വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ട്രാവല്‍ ഏജന്‍സി അധികൃതര്‍ പറയുന്നു. വിസ ഓണ്‍ അറൈവല്‍ ലഭ്യമായ മക്കാവു, സിംഗപുര്‍, തായ്‌ലാന്‍ഡ്, കൊളംബോ എന്നീ സ്ഥലങ്ങളിലേക്കാണ് കൂടുതല്‍ തിരക്കനുഭവപ്പെടുന്നതെന്നാണ് വിവരം.

യു.കെ, അയര്‍ലന്റ് എന്നിവിടങ്ങളിലേക്കുള്ള പാക്കേജുകള്‍ അന്വേഷിക്കുന്നവരും കുറവല്ല. ആളുകള്‍ പാക്കേജുകള്‍ അന്വേഷിച്ച് വിളിക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനെ വിളിക്കുന്നവര്‍ക്ക് പൈസയല്ല, എങ്ങനെയെങ്കിലും ഡല്‍ഹിയില്‍ നിന്നും പുറത്തേക്ക് പോകണം എന്ന് മാത്രമാണ് ചിന്തയെന്നും ട്രാവല്‍ ഏജന്‍സിക്കാര്‍ പറയുന്നു.

ഈ വാരാന്ത്യത്തില്‍ ഡല്‍ഹിയില്‍ ആരും അവശേഷിക്കാന്‍ സാധ്യതയില്ലെന്നാണ് ഒരു ട്രാവല്‍ ഏജന്റിന്റെ അഭിപ്രായം. ഈ സീസണിലെ ഏറ്റവും മോശമായ അന്തരീക്ഷ മലിനീകരണതോതാണ് ഡല്‍ഹിയില്‍ രണ്ടു ദിവസമായി രേഖപ്പെടുത്തിയിരിക്കുന്നത്. കൃഷിസ്ഥലത്തെ വൈക്കോല്‍ കത്തിച്ചുണ്ടാകുന്ന പുകയും അന്തരീക്ഷത്തിലെ ഈര്‍പ്പവും ചേര്‍ന്ന് ഗ്യാസ് ചേംബറിന്റെ അവസ്ഥയാണ് സൃഷ്ടിക്കപ്പെടുന്നത്. ശ്വാസകോശ രോഗങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നെന്നാണ് റിപ്പോര്‍ട്ട്.