തോമസ് ചാണ്ടി ഉടന്‍ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല: ‘സരിതയുടെ പ്രസ്താവന അടിസ്ഥാനരഹിതം’

single-img
10 November 2017

ഭൂമി കയ്യേറ്റം നടത്തിയ ഗതാഗത മന്ത്രി തോമസ് ചാണ്ടി ഉടന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെല്‍വയല്‍തണ്ണീര്‍ത്തട നിയമം ലംഘിക്കുകയും അനധികൃതമായി ഭൂമി സ്വന്തമാക്കുകയും ചെയ്ത മന്ത്രിയെ ഇത്രയും നാള്‍ സംരക്ഷിച്ചത് സിപിഎമ്മാണെന്നും ചെന്നിത്തല പറഞ്ഞു.

ജീവിതകാലം മുഴുവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇ.പി ജയരാജന് നല്‍കാത്ത നീതി എങ്ങനെ തോമസ് ചാണ്ടിക്ക് നല്‍കാന്‍ കഴിയുമെന്നും ചെന്നിത്തല ചോദിച്ചു. പൊതുസമൂഹത്തില്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്.

ജനമധ്യത്തില്‍ സി.പി.എം അപഹാസ്യരായി കൊണ്ടിരിക്കുന്നു. വിഷയത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് നല്‍കാന്‍ ചെന്നിത്തല ആവശ്യപ്പെട്ടെന്ന സരിതയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടാണ്. സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് വിശദമായി പഠിച്ചു വരികയാണ്. ആരോപണങ്ങളെ രാഷ്ട്രീയവും നിയമപരവുമായി നേരിടും. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസിനെയോ യു.ഡി.എഫിനെയോ ദുര്‍ബലപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു.