തോമസ് ചാണ്ടിയെ സിപിഎം കൈവിട്ടു: മന്ത്രിയുടെ രാജി ഉടന്‍

single-img
10 November 2017

തിരുവനന്തപുരം: കായല്‍ കയ്യേറിയ കേസില്‍ കളക്ടറുടെ റിപ്പോര്‍ട്ടും നിയമോപദേശവും എതിരായതോടെ സിപിഎം തോമസ് ചാണ്ടിയെ കൈവിടുന്നു. സാഹചര്യം ഗൗരവമുള്ളതാണെന്നും ഇനി സംരക്ഷിക്കേണ്ടതില്ല എന്നുമുള്ള നിലപാടിലേക്ക് സിപിഎം നേതൃത്വം എത്തിയതായാണ് റിപ്പോര്‍ട്ട്.

രാജിവെയ്ക്കുന്ന കാര്യം തോമസ് ചാണ്ടി സ്വയം തീരുമാനിക്കണമെന്ന് സിപിഎം അദ്ദേഹത്തെ അറിയിച്ചു. വിഷയത്തില്‍ തോമസ് ചാണ്ടിയുടെ രാജി നേരിട്ട് ആവശ്യപ്പെടാന്‍ സിപിഎം ഒരുക്കമല്ല. ഇതു മുന്നണി മര്യാദയല്ലെന്നാണു അഭിപ്രായം.

എന്‍സിപി സ്വയം തീരുമാനമെടുത്ത് രാജി നടപ്പാക്കണമെന്നാണു സിപിഎമ്മിന്റെ ആഗ്രഹം. വിവാദം മുന്നണിക്കും സര്‍ക്കാരിനും ഏറെ അവമതിപ്പുണ്ടാക്കിയെന്നു സിപിഎം ചൂണ്ടിക്കാട്ടുന്നു.

മറ്റൊരു ഘടകകക്ഷിയായ സിപിഐ ആദ്യം മുതലേ തോമസ് ചാണ്ടിക്ക് എതിരായാണ് നിലകൊണ്ടത്. നിലപാട് വ്യക്തമാക്കിയ സിപിഐ, തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടതോടെ പാപഭാരം സിപിഎമ്മിന്റെ തലയിലുമായി. പല കോണുകളില്‍നിന്നു രാജിക്കായി മുറവിളി ഉയരുന്നതിനിടെ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍, തോമസ് ചാണ്ടിയെ തിരക്കിട്ടു വിളിപ്പിച്ചതും അതിന്‌ മുന്‍പൊരു ദിവസം ശാസിച്ചതും കാര്യങ്ങള്‍ കൈവിടുന്നുവെന്ന സൂചനയാണു നല്‍കിയത്.

കലക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ടാണ് ചാണ്ടിക്ക് വലിയ തിരിച്ചടിയായത്. തോമസ് ചാണ്ടി കുട്ടനാട്ടില്‍ നടത്തിയ ഭൂമിയിടപാടുകള്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ നിയമവും ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയ കലക്ടര്‍, അഞ്ചുവര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം അദ്ദേഹം ചെയ്തതായും കണ്ടെത്തി.

മാര്‍ത്താണ്ഡം കായലിലെ ഭൂമി കയ്യേറ്റവും ലേക്ക് പാലസ് റിസോര്‍ട്ടിനു മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച റിപ്പോര്‍ട്ട്, ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

എന്‍സിപിക്ക് രണ്ട് എം.എല്‍.എമാരാണ് സഭയിലുള്ളത്. പിണറായി സര്‍ക്കാരില്‍ ആദ്യം മന്ത്രിയായ എ.കെ ശശീന്ദ്രന്‍ ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങിയതോടെയാണ് രാജിവെച്ചത്. തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രിയായി.