ഉമ്മന്‍ ചാണ്ടിയെ ബ്‌ളാക്ക്‌മെയില്‍ ചെയ്തത് ബാലകൃഷ്ണപിള്ള: ‘ഗണേശിനെ മന്ത്രിയാക്കിയില്ലെങ്കില്‍ സരിതയുടെ കത്തില്‍ പേരുവരുമെന്ന് പിള്ള ഭീഷണി മുഴക്കി’

single-img
10 November 2017

തിരുവനന്തപുരം: സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ബ്ലാക് മെയില്‍ ചെയ്തത് കേരളാ കോണ്‍ഗ്രസ്(ബി) നേതാവ് ബാലകൃഷ്ണ പിള്ളയാണെന്ന് വെളിപ്പെടുത്തല്‍. മംഗളം ചാനലാണ് ഇത് സംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസം സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് താന്‍ ഒരാളുടെ ബ്ലാക്ക് മെയിലിന് വിധേയമായതായി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. നിരവധി പേര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ ഒരാള്‍ക്കു വിധേയനായി എന്നതില്‍ ദുഃഖമുണ്ടെന്നും അതാരാണെന്ന് പിന്നീട് വെളിപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗണേശ്കുമാറിന്റെ മന്ത്രിസ്ഥാനം രാജി വെച്ചതുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളായിരുന്നു ബഌക്ക്‌മെയിലിംഗിന് പിന്നിലെന്ന് മംഗളം ചാനല്‍ പറയുന്നു. ഗണേശ്കുമാറിന് കാമുകിയുടെ ഭര്‍ത്താവില്‍ നിന്നും മര്‍ദ്ദനമേറ്റതിന് പിന്നാലെയാണ് ബഌക്ക്‌മെയിലിംഗിന് കളമൊരുങ്ങിയത്.

മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച ഗണേശ്കുമാറിനെ, മുന്‍ ഭാര്യ യാമിനിയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് ശേഷം വീണ്ടും മന്ത്രിയാക്കുന്ന കാര്യം ബാലകൃഷ്ണപിള്ള അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

തുടര്‍ന്ന് ഘടകകക്ഷി നേതാക്കള്‍ വഴിയും ബാലകൃഷ്ണപിള്ള ശ്രമം നടത്തി. എന്നിട്ടും വഴങ്ങാതെ വന്ന സാഹചര്യത്തിലായിരുന്നു സോളാര്‍ വിഷയം വീണ്ടും ഉയര്‍ന്നുവന്നത്. പിന്നീടാണ് സരിതയുടെ ആദ്യ കത്ത് ചര്‍ച്ചയാകുകയും ചെയ്തത്.

സരിത എഴുതിയ ആദ്യ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഗണേശിനെ മന്ത്രിയാക്കില്ലെന്ന് ഉമ്മന്‍ചാണ്ടി ഉറച്ചു നിന്നപ്പോള്‍ സരിതയുടെ അടുത്ത കത്തില്‍ പേരുണ്ടാകുമെന്ന് ബാലകൃഷ്ണപിള്ള ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. നിലവില്‍ ഇടതുപക്ഷത്തുള്ള എംഎല്‍എയാണ് ഗണേശ്.

അതേസമയം ഇന്നലെ പുറത്തുവിട്ട സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ഉമ്മന്‍ചാണ്ടി നിരവധി സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. സരിത ജയില്‍ നിന്ന് എഴുതിയത് 21 പേജുള്ള കത്താണ്. എന്നാല്‍, കമ്മിഷന്‍ പരിഗണിച്ചത് 25 പേജുള്ള കത്താണ്.

കത്തിന്റെ വിശ്വാസ്യത നേരത്തേയും ചോദ്യം ചെയ്യപ്പെട്ടിരുന്നതാണ്. അങ്ങനെയുള്ള ഒരു കത്തിന്റെ പേരിലാണ് കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ഒരു ബുക്കില്‍ കമ്മീഷന്‍ ഒപ്പിട്ടിട്ടില്ല. അതിന് കാരണമെന്താണ്. ഇതെല്ലാം സംശയങ്ങള്‍ ഉണര്‍ത്തുന്നതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

സോളാര്‍ അഴിമതിയില്‍ സരിതയില്‍ നിന്നും ഉമ്മന്‍ചാണ്ടി ശാരീരികമായുള്ള നേട്ടങ്ങള്‍ക്ക് പുറമേ സാമ്പത്തികമായ നേട്ടങ്ങളും ഉണ്ടാക്കിയിട്ടുള്ളതായി ഇന്നലെ പുറത്തു വന്ന കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. രണ്ടു കോടി 16 ലക്ഷം രൂപ സരിത ഉള്‍പ്പെട്ട ടീം സോളാറില്‍ നിന്നും ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും കൈപ്പറ്റിയിട്ടുള്ളതായും സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്നുമായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍.

എന്നാല്‍ ആരോപണത്തില്‍ ഒരുശതമാനം സത്യമുണ്ടെന്നു തെളിയിച്ചാല്‍ പൊതുജീവീതം അവസാനിപ്പിക്കുമെന്നായിരുന്നു ഇതിന് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. കമ്മിഷന്‍ റിപ്പോര്‍ട്ട് സോളാര്‍ റിപ്പോര്‍ട്ട് അല്ലെന്നും സരിതാ റിപ്പോര്‍ട്ടാണെന്നും ഉമ്മന്‍ചാണ്ടി പരിഹസിച്ചിരുന്നു.