സോളാര്‍ കമ്മീഷനെക്കുറിച്ച് അന്വേഷിക്കാന്‍ മറ്റൊരു കമ്മീഷനെ നിയോഗിക്കണമെന്ന് മുരളീധരന്‍; റിപ്പോര്‍ട്ട് അന്തിമമല്ലെന്ന് ശശി തരൂര്‍; ഗണേശിന്റെ പേര് ഒഴിവാക്കിയതില്‍ ഗൂഢാലോചനയെന്ന് ബെന്നി ബെഹനാന്‍

single-img
10 November 2017

സോളാര്‍ കേസിലെ അന്വേഷണ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബെഹനാനും കെ.മുരളീധരനും ശശി തരൂരും രംഗത്തെത്തി. സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ മറ്റൊരു കമ്മീഷനെ നിയോഗിക്കണമെന്ന് കെ. മുരളീധരന്‍ എംഎല്‍എ പറഞ്ഞു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അനുകൂല സംഘടനയുടെ സഹായം സോളാര്‍ കമ്മീഷന്‍ സ്വീകരിച്ചു. അധിക ചെലവുണ്ടായത് കമ്മീഷനെ തീറ്റിപ്പോറ്റാനാണെന്നും സോളാര്‍ കമ്മീഷന് ഒരു കത്ത് മാത്രം എങ്ങനെ നഷ്ടപ്പെട്ടുവെന്നും മുരളീധരന്‍ ചോദിച്ചു.

അതേസമയം റിപ്പോര്‍ട്ടില്‍ കെ.ബി ഗണേഷ്‌കുമാറിന്റെ പേര് ഒഴിവാക്കിയതില്‍ ഗൂഢാലോചനയുണ്ടെന്ന് ബെന്നി ബെഹനാന്‍ ആരോപിച്ചു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ആദ്യം കേട്ട ചില പേരുകള്‍ അപ്രത്യക്ഷമായി. കേള്‍ക്കാത്ത പേരുകള്‍ക്ക് മുന്‍തൂക്കം കിട്ടി. ഇതാണ് സോളാര്‍ കമ്മീഷന്റെ ഇടപെടലില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ലെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ട് അന്തിമമല്ല. സരിത പറഞ്ഞ ആരോപണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. ആ ആരോപണങ്ങള്‍ അന്വേഷണത്തിലൂടെ തെളിയിക്കട്ടെ. മാധ്യമങ്ങള്‍ അനാവശ്യ തിടുക്കം കാട്ടേണ്ടെന്നും ശശി തരൂര്‍ വ്യക്തമാക്കി.