യാത്രക്കാരെ ട്രെയിനില്‍ കയറാന്‍ അനുവദിക്കാതെ എബിവിപിക്കാരുടെ അതിക്രമം: ടിക്കറ്റെടുക്കാതെ ഒരു ജനറല്‍ കോച്ച് കയ്യടക്കി

single-img
9 November 2017

കോഴിക്കോട്: ഇന്‍ഡോര്‍ കൊച്ചുവേളി എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരെ കയറാന്‍ അനുവദിക്കാതെ എ ബി വി പിക്കാരുടെ അതിക്രമം. ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് തങ്ങള്‍ ബുക്ക് ചെയ്തതാണെന്ന് അവകാശപ്പെട്ടായിരുന്നു പ്രവര്‍ത്തകര്‍ യാത്രക്കാരെ തടഞ്ഞത്. എന്നാല്‍ ടിക്കറ്റെടുക്കാത്തവരുടെ സംഘം ആളുകളെ കയറ്റാതെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് കയ്യടക്കിയാണ് മദ്ധ്യപ്രദേശില്‍ നിന്നും കേരളത്തിലേക്ക് യാത്രതിരിച്ചത്.

തിരുവനന്തപുരത്ത് നടക്കുന്ന ചലോ കേരള മാര്‍ച്ചിന് എത്തിയ എ ബി വി പിക്കാരാണ് ട്രെയിനില്‍ അതിക്രമം കാണിച്ചത്. ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് ആര്‍ പി എഫ് അറിയിച്ചു. ഇന്‍ഡോറില്‍ നിന്ന് ചൊവ്വാഴ്ച രാത്രി 9 മണിക്ക് പുറപ്പെട്ട ട്രെയിനില്‍ 70 എ ബി വി പി പ്രവര്‍ത്തകരാണ് കയറിയത്. ഇന്‍ഡോര്‍ കൊച്ചുവേളി എക്‌സ്പ്രസ് ട്രെയിനിലെ ഒരു ജനറല്‍ കോച്ച് കയ്യടക്കിയ സംഘത്തില്‍ 15 പേര്‍ക്ക് ടിക്കറ്റുണ്ടായിരുന്നില്ല.

ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് ടിക്കറ്റുള്ള മറ്റു യാത്രക്കാരെ കയറാനും ഇവര്‍ അനുവദിച്ചില്ല. കണ്ണൂരിലെത്തിയത്തപ്പോള്‍ യാത്രക്കാര്‍ പരാതിയുമായി ആര്‍ പി എഫിനെ സമീപിച്ചു. തുടര്‍ന്ന് കോഴിക്കോട് വെച്ച് പോലീസും റെയില്‍വെ ഉദ്യോഗസ്ഥരും ഇടപ്പെട്ടു.

അരമണിക്കൂറോളം കോഴിക്കോട് സ്റ്റേഷനില്‍ പിടിച്ചിട്ട ട്രെയിനില്‍ പോലീസും ടിക്കറ്റ് എക്‌സാമിനറും പരിശോധന നടത്തി. തുടര്‍ന്ന് ടിക്കറ്റില്ലാത്തവരെ കൊണ്ട് ഫൈനടപ്പിച്ചതിന് ശേഷം യാത്ര തുടരുകയായിരുന്നു. ടിക്കറ്റുള്ള യാത്രക്കാരെ തടഞ്ഞ സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കേസെടുക്കുമെന്ന് ആര്‍ പി എഫ് അറിയിച്ചു.