പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ‘മുസ്തഫയായി’ മദീനയില്‍; കേരളാ പൊലീസ് സൗദിയിലേക്ക്

single-img
9 November 2017

കേരള പൊലീസിനെ മൂന്ന് പതിറ്റാണ്ടായി വട്ടം ചുറ്റിക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് സൗദി അറേബ്യയില്‍ സുരക്ഷിതനെന്ന് റിപ്പോര്‍ട്ട്. ഇസ്ലാം മതം സ്വീകരിച്ച് സുകുമാരക്കുറുപ്പെന്ന പേരും മാറ്റി ഇയാള്‍ സൗദിയില്‍ സുരക്ഷിതനായി കഴിയുകയാണെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്ലാം മതം സ്വീകരിച്ച സുകുമാരക്കുറുപ്പിന്റെ ഇപ്പോഴത്തെ പേര് മുസ്തഫയെന്നാണ്. നാട്ടിലേക്ക് വരണമെന്ന് ആഗ്രഹമുണ്ടെങ്കിലും പൊലീസിനേയും നിയമക്കുരുക്കിനേയും ഭയന്നാണ് വരാത്തതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചതായും മംഗളത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദിയിലെ മദീനയിലാണ് കുറുപ്പ് ഇപ്പോള്‍ താമസിക്കുന്നത്.

സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മയും(63) രണ്ടു മക്കളും ഇപ്പോള്‍ കുവൈത്തിലാണു താമസം. ഇവര്‍ കുവൈത്തില്‍ താമസമുറപ്പിക്കാനുള്ള കാരണം തേടിയപ്പോഴാണു കുറുപ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെയെങ്കിലും ഉണ്ടാകുമെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നത്.

അബുദാബിയില്‍ കുറുപ്പിനൊപ്പമുണ്ടായിരുന്ന സരസമ്മ അവിടെ നഴ്‌സായിരുന്നു. ചാക്കോ കൊല്ലപ്പെട്ടശേഷം അവര്‍ നാട്ടിലെത്തി. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭര്‍ത്താവ് നടത്തിയ നീക്കങ്ങള്‍ അറിയാമായിരുന്നതിനാല്‍ സരസമ്മയും ആദ്യം കേസില്‍ പ്രതിയായിരുന്നു. എന്നാല്‍, പിന്നീട് ഇവരെ ഒഴിവാക്കി. തുടര്‍ന്ന് ഏറെക്കാലം ചെങ്ങന്നൂരിനടുത്ത് ചെറിയനാട്ടുതന്നെ താമസിച്ച സരസമ്മ പിന്നീടു സൗദിയിലേക്കു പോയി.

വീണ്ടും നാട്ടില്‍ തിരിച്ചെത്തി നാളുകള്‍ക്കുശേഷമാണു കുവൈത്തിലേക്കു പോയത്. മക്കള്‍ക്കും കുവൈത്തില്‍ ജോലി കിട്ടിയതോടെ അവിടെ സ്ഥിരതാമസമാക്കി. കുറുപ്പ് ഇടയ്ക്കിടെ സൗദിയില്‍നിന്നു കുവൈത്തിലെത്തി കുടുംബത്തെ സന്ദര്‍ശിക്കാറുണ്ടെന്നാണു വിവരം.

പ്ലാസ്റ്റിക് സര്‍ജറി ചെയ്തു മുഖത്തിന്റെ രൂപം മാറ്റിയാണു കുറുപ്പ് ഒളിവില്‍ കഴിയുന്നതെന്ന അഭ്യൂഹത്തിനായിരുന്നു ഏറെ പ്രചാരം. എന്നാല്‍, അതില്‍ കഴമ്പില്ലെന്നാണു ബന്ധുക്കള്‍ പറയുന്നത്. കുറുപ്പിന്റെ കാര്യത്തില്‍ മതവും പേരും മാത്രമാണു മാറിയത്.

നിലവില്‍ കുറുപ്പിന്റെ സഹോദരങ്ങളാരും നാട്ടിലില്ല. ചെറിയനാട്ടിലെ കുറുപ്പിന്റെ വസ്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. ആലപ്പുഴ വണ്ടാനത്ത് കുറുപ്പ് വാങ്ങിയ സ്ഥലം മറ്റൊരാളുടെ പേരിലാണ്. ചില ബന്ധുക്കള്‍ മാത്രമാണു ചെറിയനാട്ടുള്ളത്. കുറുപ്പിനു ചാക്കോ വധത്തില്‍ നേരിട്ടു ബന്ധമില്ലെന്നാണ് ഇവരുടെ വിശ്വാസം.

1984 ജനുവരി 22 പുലര്‍ച്ചെ മൂന്നു മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാവേലിക്കര ചെങ്ങന്നൂര്‍ റോഡില്‍ കുന്നം വയലില്‍ ഒരു അംബാസിഡര്‍ കാര്‍ ആളിക്കത്തുന്നത് സമീപ വാസിയായ രാധാകൃഷ്ണനാണ് ആദ്യം കണ്ടത്. തുടര്‍ന്ന് രാധാകൃഷ്ണന്‍ പൊലീസിനെ വിവരം അറിയിച്ചു.

പൊലീസ് സ്ഥലത്ത് എത്തി ആദ്യം തീ അണച്ചു. നേരം പുലര്‍ന്നപ്പോള്‍ മാത്രമാണ് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു ജഡം പൊലീസ് കണ്ടെത്തുന്നത്. അന്ന് ചെങ്ങന്നൂര്‍ ഡി വൈ എസ് പി ആയിരുന്ന പി എം ഹരിദാസിന്റെ സംശയങ്ങളാണ് ചാക്കോ വധത്തിന്റെ ചുരുളഴിച്ചത്.

കത്തിക്കരിഞ്ഞ കാറിന്റെ ഉടമസ്ഥന്‍ എന്ന നിലയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഭാസ്‌ക്കരപിള്ള എന്ന വ്യക്തിയുടെ ശരീരത്തില്‍ കണ്ട ചില പൊള്ളലുകളും അയാളുടെ ഭാവപ്രകടനങ്ങളും അന്വേഷണ ഉദ്യോഗസഥരുടെ സംശയം ഇരട്ടിപ്പിച്ചു. പിന്നെ ഫോറന്‍സിക് പരിശോധനയ്‌ക്കെത്തിയ ഡോ മുരളി കൃഷ്ണയും നിര്‍ണ്ണായകമായ പല തെളിവുകളും കണ്ടെത്തി.

ഭാസ്‌കരപിള്ളയെ ചോദ്യം ചെയ്തതില്‍ നിന്ന് ആദ്യം മനസിലാക്കിയത് കൊല്ലപ്പെട്ടത് സുകുമാരക്കുറുപ്പ് ആണെന്നായിരുന്നു. എന്നാല്‍ സംഭവം നടന്ന് രണ്ട് ദിവസത്തിനു ശേഷം ആലപ്പുഴയിലെ ഹരിപ്പാട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു മാന്‍ മിസ്സിംഗ് കേസ് പൊലീസിന്റെ സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുന്നതായിരുന്നു.

കൊല്ലപ്പെട്ടത് ഫിലിം റപ്രസെന്റേറ്റീവ് ആയിരുന്ന ചാക്കോയാണെന്ന് തെളിഞ്ഞു. എന്തിന് സുകുമാരക്കുറുപ്പ് ബന്ധുക്കളും സഹായികളുമായ ഭാസ്‌ക്കരപിള്ള, ഷഹാസ്, പൊന്നപ്പന്‍ എന്നിവരുടെ സഹായത്തോടെ ചാക്കോയെ കൊല്ലണം. അതിന് പൊലീസ് കണ്ടെത്തിയ കാരണങ്ങള്‍ കേരളത്തെ അന്ന് കുറച്ചൊന്നുമല്ല ഞെട്ടിച്ചത്.

ആ കാരണം കേട്ടാല്‍ ഇന്നും ഞെട്ടലുണ്ടാകും. പൊലീസ് കണ്ടെത്തിയ കാരണം ഇങ്ങനെ വായിച്ചെടുക്കാം. ഗള്‍ഫില്‍ ജോലി നോക്കിയിരുന്ന സുകുമാരക്കുറുപ്പിന് പതിമൂന്ന് ലക്ഷം രുപയുടെ ഒരു ഇന്‍ഷ്വറന്‍സ് പോളിസി ഉണ്ടായിരുന്നു. 1984 ജനുവരി ആറിന് അവധിക്ക് നാട്ടിലെത്തിയ സുകുമാരക്കുറുപ്പ് താന്‍ വായിച്ചറിഞ്ഞ ഒരു കഥയലുള്ളതു പോലെ താന്‍ അപകടമരണത്തിന് ഇരയായി എന്ന് രേഖയുണ്ടാക്കിയാല്‍ പതിമൂന്ന് ലക്ഷമോ അതില്‍ കൂടുതലോ തുക ലഭിക്കുമെന്ന് കൂട്ട് പ്രതികളെ ധരിപ്പിച്ചു.

സുകുമാരക്കുറുപ്പിന്റെ പദ്ധതിയില്‍ താല്‍പ്പര്യം തോന്നിയ കൂട്ട് പ്രതികള്‍ രൂപത്തിലും തൂക്കത്തിലും സുകുമാരക്കുറുപ്പിനോട് സാദൃശ്യമുള്ള ചാക്കോയെ കണ്ടെത്തി തന്ത്രപൂര്‍വം വശത്താക്കി കൊലപ്പെടുത്തുകയായിരുന്നു. ഷഹാസ് ഒഴികെയുള്ള രണ്ട് പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഷഹാസിനെ മാപ്പ് സാക്ഷിയാക്കി എന്നാണ് രേഖകള്‍.

സുകുമാരക്കുറുപ്പിനെ മാത്രം നാളിതു വരെ പിടികൂടാനായിട്ടില്ല. കാലം ഇത്ര കഴിഞ്ഞിട്ടും പല പല അന്വേഷണ സംഘങ്ങള്‍ മാറി മാറി അന്വേഷിച്ചിട്ടും സുകുമാരക്കുറുപ്പിന്റെ പൊടിപോലും കണ്ടെത്താനായിട്ടില്ല. ഇതോടെ പിടികിട്ടാപ്പുള്ളി എന്ന് പ്രഖ്യാപിക്കുകയായിരുന്നു.