സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചു; ഉമ്മന്‍ ചാണ്ടിയും കൂട്ടരും തെറ്റുകാരെന്ന് മുഖ്യമന്ത്രി

single-img
9 November 2017

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയായിരുന്നു മുഖ്യമന്ത്രി റിപ്പോര്‍ട്ട് വച്ചത്. രാവിലെ ഒമ്പത് മണിക്ക് സഭ ചേര്‍ന്നപ്പോള്‍ വേങ്ങരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് എം.എല്‍.എ കെ.എന്‍.എ.ഖാദര്‍ സത്യപ്രതിജ്ഞ ചെയ്തു.

തുടര്‍ന്ന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി പ്രസ്താവന നടത്തി. അതിന് ശേഷമാണ് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചത്. നാലുവോള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വച്ചത്. റിപ്പോര്‍ട്ട് പരസ്യരേഖയാക്കുന്നത് പൊതുജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇംഗ്ലീഷില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയാണ് സഭയില്‍വച്ചത്. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചു. ഉമ്മന്‍ ചാണ്ടിയും കൂട്ടരും തെറ്റുകാരാണെന്നാണ് സോളര്‍ കമ്മിഷന്റെ കണ്ടെത്തലെന്നും പിണറായി സഭയില്‍ പറഞ്ഞു.

കേസ് അന്വേിഷിച്ച പോലീസ് സംഘവും ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. ആര്യാടന്‍ മുഹമ്മദ് കഴിയുന്ന രീതിയിലൊക്കെ സരിതയെ സഹായിക്കാന്‍ ശ്രമിച്ചു. ഫോണ്‍ രേഖകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വെച്ചതായി പ്രഖ്യാപിച്ച ഉടന്‍ പ്രതിപക്ഷം ബഹളം തുടങ്ങി. മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്ന അടിയന്തര പ്രമേയത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം.