സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തിരുത്തിയെന്ന് പ്രതിപക്ഷം; യുഡിഎഫിന്റെ കുഞ്ഞാണെന്ന് തിരിച്ചടിച്ച് മുഖ്യമന്ത്രി: നിയമസഭയില്‍ വാക്‌പോര്

single-img
9 November 2017

സോളാര്‍ റിപ്പോര്‍ട്ടിനെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ക്രമപ്രശ്‌നം. നിയമസഭയില്‍ വയ്ക്കുന്നതിനു മുന്‍പ് റിപ്പോര്‍ട്ടിലെ വിശദാംശം വാര്‍ത്താസമ്മേളത്തില്‍ പുറത്തുവിട്ടത് ക്രമപ്രശ്‌നമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിനു പിന്നാലെ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥന്‍ ജസ്റ്റിസ് ജി.ശിവരാജനെ സന്ദര്‍ശിച്ചിരുന്നതായും രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി നിയമസഭയെ നോക്കുകുത്തിയാക്കി. റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതിനു മുന്‍പ് പുറത്തുവിട്ടത് അവകാശലംഘനമാണ്.

മുഖ്യമന്ത്രിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ജയരാജന്റെയും ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കാന്‍ തയ്യാറുണ്ടോ?. അവധാനതയില്ലാതെയാണു മുഖ്യമന്ത്രി വിഷയം കൈകാര്യം ചെയ്തതെന്നു വ്യക്തം. അന്വേഷണ റിപ്പോര്‍ട്ടും സ്വീകരിച്ച നടപടിയും സഭയില്‍ സമര്‍പ്പിക്കും മുന്‍പു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തി വിവരങ്ങള്‍ പുറത്തുവിട്ടത് ചട്ടലംഘനമാണ്.

കമ്മിഷന്‍ ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം കമ്മിഷന്‍ റിപ്പോര്‍ട്ടും സ്വീകരിച്ച നടപടിയും സഭയില്‍ വയ്‌ക്കേണ്ടതാണ്. വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടെങ്കിലും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ല. കമ്മിഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച് അതിന്റെ പേരില്‍ നടപടി സ്വീകരിച്ച് പ്രതിപക്ഷത്തെയും യുഡിഎഫിനെയും നിശ്ശബ്ദരാക്കാമെന്നു മുഖ്യമന്ത്രി കരുതേണ്ട.

ആരോപണത്തെ നേരിടാനുള്ള ശക്തി യുഡിഎഫിനുണ്ട്. 50 വര്‍ഷമായി നിയമസഭാംഗമായ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചതുള്‍പ്പെടെ സോളറുമായി ബന്ധപ്പെട്ട കേസുകളെല്ലാം നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

പത്രസമ്മേളനത്തിലൂടെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നീക്കം രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനാണെങ്കില്‍ അതിശക്തമായി തിരിച്ചടിക്കും. തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ ആരു ശ്രമിച്ചാലും നടക്കില്ല. പ്രതിപക്ഷത്തിനു പറയാനുള്ളത് ജനങ്ങളോട് വിശദീകരിക്കും. റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷം റിപ്പോര്‍ട്ട് കണ്ടിട്ടില്ല. കണ്ടശേഷം ജസ്റ്റീസ് ശിവരാജന്റെ വിശ്വാസ്യത വെളിപ്പെടുത്താമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, താന്‍ നിയമസഭയില്‍ ആരുടേയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും മന്ത്രിസഭ തീരുമാനത്തിനു ശേഷം പത്രസമ്മേളനത്തില്‍ പറഞ്ഞത് അത് പൊതുരേഖ ആയതിനാല്‍ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശവും സഭയില്‍ വയ്ക്കുന്നതുവരെ പുറത്തുപോയിട്ടില്ല. ജുഡീഷ്യല്‍ കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. തീര്‍ത്തും തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്.

ഇത് നിങ്ങളുടെ കുഞ്ഞാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അവര്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് ഈ സര്‍ക്കാര്‍ സഭയില്‍ വച്ചു എന്നു മാത്രമാണുള്ളത്. ഞങ്ങള്‍ക്കു പകരം അവരാണ് അധികാരത്തിലെങ്കില്‍ മുഖ്യമന്ത്രിയാകുന്ന ആള്‍ ഈ കര്‍മ്മം നിര്‍വഹിച്ചേ പറ്റൂവെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടിന്മേല്‍ അധികം ചര്‍ച്ചയ്ക്ക് സമയം അനുവദിക്കാതെ സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. രാവിലെ ഒന്‍പത് മണിക്ക് ചേര്‍ന്ന സഭ 9.40 ഓടെ പിരിഞ്ഞു.