സഞ്ജു വി സാംസണ്‍ ക്യാപ്റ്റന്‍: ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു ടീമിനെ നയിക്കും

single-img
9 November 2017


ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ് ഇലവനെ സഞ്ജു വി സാംസണ്‍ നയിക്കും. മധ്യപ്രദേശ് താരം നമാന്‍ ഓജയേയായിരുന്നു നായകനായി ആദ്യം നിയമിച്ചിരുന്നത്. എന്നാല്‍ ഓജക്ക് പരിക്കേറ്റതോടെയാണ് സഞ്ജുവിന് നറുക്ക് വീണത്. ആദ്യമായാണ് ഒരു കേരള താരം ബോര്‍ഡ് ഇലവന്‍ പ്രസിഡന്റിന്റെ നായകസ്ഥാനത്തേക്ക് വരുന്നത്.

നായകനായി തെരഞ്ഞെടുത്ത സഞ്ജുവിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു. ഈ മാസം പതിനൊന്നിന് കൊല്‍ക്കത്തയിലാണ് ദ്വിദിന മത്സരം. സഞ്ജുവിനെ കൂടാതെ കേരളത്തില്‍ നിന്ന് രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍ എന്നിവരും ടീമില്‍ ഇടം നേടി.

മധ്യപ്രദേശ് താരവും നിലവില്‍ കേരള ടീമില്‍ കളിക്കുന്ന ജലജ് സക്‌സേനയും ഇലവനില്‍ ഇടം നേടിയിട്ടുണ്ട്. രഞ്ജിയില്‍ കേരളത്തിനായി സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. കഴിഞ്ഞ മത്സരത്തില്‍ സഞ്ജു സെഞ്ച്വറി നേടുകയും ചെയ്തു.