ട്വന്റി 20 പരമ്പര ജയിച്ചത് ഇന്ത്യയാണെങ്കിലും നേട്ടമുണ്ടാക്കിയത് പാകിസ്താന്‍

single-img
9 November 2017

ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര ജയിച്ചത് ഇന്ത്യയാണെങ്കിലും ഐ സി സി റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയത് പാകിസ്താന്‍. പരമ്പര ഇന്ത്യ ജയിച്ചതോടെ ഒന്നാം റാങ്കിലാണ് പാകിസ്താന്‍ എത്തിയിരിക്കുന്നത്. ഇന്ത്യ ന്യൂസിലന്‍ഡ് പരമ്പര തുടങ്ങുമ്പോള്‍ ന്യൂസിലന്‍ഡിന് 125ഉം പാകിസ്താന് 124ഉം പോയിന്റാണ് ഉണ്ടായിരുന്നത്.

പരമ്പര 2-1 ന് ഇന്ത്യ ജയിച്ചപ്പോള്‍ കീവിസ് 120 പോയിന്റിലേക്ക് വീണു. 124 പോയിന്റുമായി പാകിസ്താന്‍ ഒന്നാമതും എത്തി. പരമ്പര നേടിയ ഇന്ത്യ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. പാകിസ്താന്‍ ട്വന്റി20 ചരിത്രത്തില്‍ ആദ്യമായാണ് ഒന്നാം സ്ഥാനത്തെത്തുന്നത്.

ന്യൂസിലന്‍ഡിനെ 3-0 ന് തോല്‍പ്പിച്ചാല്‍ ഇന്ത്യയ്ക്ക് ഐസിസി റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത് വരെ എത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ 2-1 ന് പരമ്പര ജയിച്ച ഇന്ത്യ 119 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍. കളിക്കാരുടെ റാങ്കിംഗില്‍ ബാറ്റിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്താണ്. ബൗളിംഗില്‍ ജസ്പ്രീത് ഭുമ്രയും ഒന്നാം റാങ്കില്‍ തുടരുകയാണ്. കോഹ്‌ലിക്ക് 811 പോയിന്റും ഭുമ്രയ്ക്ക് 719 പോയിന്റുമുണ്ട്.