മോദിയെപ്പോലെ ‘ലക്ചറടിക്കാന്‍’ തനിക്കു കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി

single-img
9 November 2017

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗശൈലിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയെപ്പോലെ പ്രസംഗിക്കാന്‍ തനിക്കു വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ താന്‍ തയ്യാറാണെന്നും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അടിസ്ഥാനപരമായി ഒരു വ്യത്യാസമാണുള്ളത്. അവര്‍ ലക്ചറുകള്‍(ക്ലാസുകള്‍) നല്‍കുന്നു. അവര്‍ നിങ്ങളെ കേള്‍ക്കുന്നില്ല. അവര്‍ ഒരു ഉച്ചഭാഷിണി പോലെയാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. അവര്‍ നിങ്ങളോടു നല്ല ഭാഷയില്‍ സംസാരിക്കും.

എനിക്ക് മോദിയെപ്പോലെ ലക്ചറുകള്‍ നല്‍കാന്‍ കഴിയില്ല. അങ്ങനെ ചെയ്യാന്‍ എനിക്ക് വര്‍ഷങ്ങള്‍ വേണ്ടിവരും രാഹുല്‍ പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ എനിക്കെഴുതി തരൂ. അതെല്ലാം പരിഹരിക്കാം എന്ന് ഞാന്‍ ഉറപ്പു പറയുന്നില്ല. പക്ഷെ ഞാനത് വായിച്ചുനോക്കും.

ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും രാഹുല്‍ പറഞ്ഞു. വ്യവസായികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പരിഹാരം കാണുമെന്നും ഗുജറാത്തിലെ സൂറത്തില്‍ വ്യവസായികളുടെ കൂട്ടായ്മയെ അഭിസംബോധന ചെയ്യവെ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.