അല്‍ഫോന്‍സ് കണ്ണന്താനം എതിരില്ലാതെ രാജ്യസഭയിലേക്ക്

single-img
9 November 2017


ന്യൂഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് മല്‍സരത്തിനില്ലെന്ന് അറിയിച്ചതോടെയാണിത്. ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട എം.വെങ്കയ്യ നായിഡുവിന്റെ ഒഴിവിലേക്കാണ് മലയാളിയായ അല്‍ഫോണ്‍സ് കണ്ണന്താനം മല്‍സരിച്ചത്.

എതിരില്ലാത്തതിനാല്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ വ്യാഴാഴ്ച അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പേര് നാമനിര്‍ദേശം ചെയ്തത്.

കണ്ണന്താനത്തെ രാജസ്ഥാനില്‍നിന്ന് രാജ്യസഭയിലെത്തിക്കുന്നതിനെതിരെ ബിജെപിയില്‍നിന്നു തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഇവിടെ മത്സരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഘനശ്യാം തിവാരി, കണ്ണന്താനത്തെ പോലുള്ളവര്‍ സ്വന്തം സംസ്ഥാനത്ത് മത്സരിച്ചാല്‍ എംഎല്‍എയോ കൗണ്‍സിലറോ പോലും ആവില്ലെന്നും തുറന്നടിച്ചിരുന്നു.