ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ: സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

single-img
9 November 2017

ജിഷ്ണു പ്രണോയ് കേസ് അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സുപ്രീം കോടതിയില്‍. കേസില്‍ സംസ്ഥാന പൊലീസ് അന്വേഷണത്തിന്റെ ആവശ്യമേ ഉള്ളൂവെന്നും സിബിഐ കോടതിയെ അറിയിച്ചു. വാദത്തിനിടെ സിബിഐയെയും അഭിഭാഷകനെയും കോടതി വിമര്‍ശിച്ചു.

ഇന്ന് രാവിലെ ജിഷ്ണു പ്രണോയി കേസ് പരിഗണിക്കവേയാണ് കേസ് അന്വേഷിക്കാന്‍ ആവില്ലെന്ന് സിബിഐ വ്യക്തമാക്കിയത്. സിബിഐ ഏറ്റെടുക്കാന്‍ തക്ക പ്രത്യേകതകളുള്ള കേസല്ല ഇതെന്ന് സുപ്രീം കോടതിയില്‍ സിബിഐ അറിയിച്ചു.

ഇത് അന്തര്‍സംസ്ഥാന കേസല്ലെന്നും ഇതില്‍ പൊലീസും ക്രൈംബാഞ്ചും നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും സിബിഐ പൊലീസിനെ അറിയിക്കുകയായിരുന്നു. കേസ് അന്വേഷിക്കാനുള്ള എല്ലാ സാഹചര്യങ്ങളും കേരളത്തിലുണ്ടെന്നും സിബിഐ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സിബിഐക്ക് കോടതിയുടെ വിമര്‍ശനം ഉണ്ടായത്.

അന്വേഷണം ഏറ്റെടുക്കുന്നില്ലെങ്കില്‍ പിന്നെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയില്‍ മറുപടി നല്‍കാന്‍ നേരത്തെ സമയം ആവശ്യപ്പെട്ടത് എന്തിനാണെന്ന് സിബിഐയോട് കോടതി ചോദിച്ചു. അത് എഎസ്ജി പറഞ്ഞത് പ്രകാരമാണെന്നും സിബിഐ നിര്‍ദേശ പ്രകാരം അല്ലെന്നുമായിരുന്നു സിബിഐ അഭിഭാഷകന്റെ മറുപടി.

കേസ് പരിഗണിച്ചപ്പോഴെല്ലാം അന്വേഷണം ഏറ്റെടുക്കുമെന്ന സൂചനയാണ് സിബിഐ നല്‍കിയത്. നാലുമാസം കഴിഞ്ഞാണ് അന്വേഷണം ഏറ്റെടുക്കില്ലെന്ന് പറയുന്നത്. സംസ്ഥാന സര്‍ക്കാരും സിബിഐയും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് പോവാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ഏറ്റെടുക്കാതിരിക്കാനുള്ള കാര്യങ്ങള്‍ വിശദമാക്കി തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സിബിഐക്ക് കോടതി നിര്‍ദേശം നല്‍കി.

ഇത്തരം നിലപാടുകളോട് യോജിക്കാനാകില്ലെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സിബിഐ അഭിഭാഷകനെയും കോടതി വിമര്‍ശിച്ചു. കേസിനെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്ന് സിബിഐ അഭിഭാഷകന്‍ പറഞ്ഞു. പിന്നെ ആരാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്ന് കോടതി ചോദിച്ചു.