കായല്‍ കയ്യേറ്റത്തെ ന്യായീകരിച്ച് സിപിഐ മുഖപത്രത്തില്‍ തോമസ് ചാണ്ടിയുടെ പരസ്യം

single-img
9 November 2017

മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് വിശദീകരണവുമായി പത്ര പരസ്യം. ലേക്ക് പാലസ് റിസോര്‍ട്ടിനായി മാനേജിങ് ഡയറക്ടര്‍ മാത്യു ജോസഫിന്റെ പേരിലാണ് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ പരസ്യം നല്‍കിയിട്ടുള്ളത്.

എല്‍ഡിഎഫ് മന്ത്രിസഭയില്‍ തോമസ് ചാണ്ടി വിഷയത്തില്‍ ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ച സിപിഐയുടെ മുഖപത്രത്തില്‍ തന്നെയാണ് കയ്യേറ്റം നടന്നിട്ടില്ലെന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്ന പരസ്യവും പ്രസിദ്ധീകരിച്ചത്. അതേസമയം സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ പരസ്യമില്ലെന്നതും ശ്രദ്ധേയമാണ്.

കായല്‍ കയ്യേറ്റമെന്ന ആരോപണങ്ങളും അതിലെ യാഥാര്‍ത്ഥ്യങ്ങളുമെന്ന തലക്കെട്ടില്‍ അരപേജുള്ള പരസ്യമാണ് കമ്പനി നല്‍കിയിട്ടുള്ളത്. തോമസ് ചാണ്ടി കയ്യേറ്റം നടത്തിയെന്ന് വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകന്‍ വ്യക്തി വിരോധത്തിന്റെ പേരില്‍ സൃഷ്ടിച്ച വാര്‍ത്തയാണിതെന്ന് പറഞ്ഞ് കൊണ്ടാണ് പരസ്യം തുടങ്ങുന്നത്.

ഏഷ്യാനെറ്റ് ഉയര്‍ത്തി വിട്ടതും മറ്റു ചില മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതുമായ ഒരു ശതമാനം പോലും സത്യമില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്കുള്ള മറുപടിയെന്ന് പറഞ്ഞാണ് പരസ്യം നല്‍കിയിട്ടുള്ളത്. ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ, തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിനു കായല്‍ കയ്യേറ്റമുണ്ടെന്ന് കാണിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

അതേസമയം ഉദ്യോഗസ്ഥര്‍ക്ക് ഒരിഞ്ച് കയ്യേറ്റം പോലും കണ്ടെത്താനായില്ലെന്നാണ് പരസ്യം അവകാശപ്പെടുന്നത്. മാലിന്യങ്ങള്‍ തടഞ്ഞു നിര്‍ത്തുന്നതിന് ആലപ്പുഴ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം നിര്‍മ്മിച്ച സംവിധാനത്തെയാണ് മാധ്യമങ്ങള്‍ കായല്‍ കയ്യേറ്റമായി ചിത്രീകരിച്ചിരിക്കുന്നത്.

റിസോര്‍ട്ടിനേയും മന്ത്രിയേയും കുടുംബാംഗങ്ങളേയും കായല്‍ കയ്യേറ്റക്കാരായി മുദ്രകുത്തി അപമാനിച്ചുകൊണ്ടിരിക്കുകയാണ്. കായലിലെ പോള തടയുന്നതിനായുള്ള സംവിധാനത്തിന് ഇന്ത്യന്‍ വാട്ടര്‍ വെയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും വിശദീകരണത്തില്‍ പറയുന്നു.

നേരത്തേ തോമസ് ചാണ്ടി വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച് സിപിഐ രംഗത്തെത്തിയിരുന്നു. തോമസ് ചാണ്ടിക്കെതിരായ കേസില്‍ സിപിഐയുടെ പാനലിലുള്ള അഡീഷണല്‍ എ ജി ഹാജരാകണമെന്ന റവന്യുമന്ത്രിയുടെ നിര്‍ദ്ദേശത്തെ എജി തള്ളിയത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. എല്‍ഡിഎഫ് നടത്തിയ ജനജാഗ്രത യാത്രയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വേദിയിലിരുത്തി തോമസ് ചാണ്ടി വെല്ലുവിളിച്ചിരുന്നു.