കേരളത്തില്‍ ഉള്ളി വില കുതിക്കുന്നു; കിലോയ്ക്ക് 160 രൂപ: ഉള്ളിയെ വെല്ലാന്‍ ഉള്‍ട്ടി ഇറക്കുമതി ചെയ്ത് കച്ചവടക്കാര്‍

single-img
9 November 2017

സംസ്ഥാനത്ത് ഉള്ളി വില കുതിക്കുകയാണ്. കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 130 രൂപയായിരുന്ന ഉള്ളിക്ക് ബുധനാഴ്ച കൊച്ചിയില്‍ 160 രൂപ വരെയെത്തി. ഇറക്കുമതിക്ക് തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളെ ആശ്രയിച്ചതാണ് കേരളത്തിന് തിരിച്ചടിയായിരിക്കുന്നത്. വരള്‍ച്ച കാരണം ഉള്ളി ഉത്പാദനം കുറഞ്ഞതിനെ തുടര്‍ന്നാണ് ചെറിയ ഉള്ളിയുടെ വില കൂടാന്‍ കാരണം.

അതേസമയം ഉള്ളിവില കുത്തനെ ഉയരുമ്പോള്‍ പകരക്കാരനായെത്തിയ ഉള്‍ട്ടി വിപണി കീഴടക്കുകയാണ്. കാഴ്ചയില്‍ ചെറിയുള്ളിക്ക് സമാനമെങ്കിലും സവാള ഇനത്തില്‍ പെട്ടതാണ് ഉള്‍ട്ടി. ഒറ്റ നോട്ടത്തില്‍ ഉള്ളിയെന്നേ പറയൂ. അതേസമയം ആവശ്യക്കാര്‍ ഏറിയതിനാല്‍ കിലോയ്ക്ക് 20 രൂപ ഉണ്ടായിരുന്നിടത്തു നിന്ന് ഉള്‍ട്ടിയുടെ വില 50 രൂപയിലേക്ക് ഉയര്‍ത്തുകയായിരുന്നു.

ഗുണത്തിലും രുചിയിലും സവാളയോടാണ് സാമ്യം. ചിറ്റുള്ളി, മൈസൂര്‍ ഉള്ളി, സാമ്പാര്‍ ഉള്ളി, ചിറ്റ് ബെല്ലാരി എന്നിങ്ങനെ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. സാധാരണഗതിയില്‍ ഉള്‍ട്ടിക്ക് അധികം ആവശ്യക്കാരുണ്ടാകാറില്ലെന്നും ഇപ്പോള്‍ ചെറിയുള്ളിക്ക് വില കൂടിയപ്പോഴാണ് ആളുകള്‍ കൂടിയതെന്നും കച്ചവടക്കാര്‍ പറയുന്നു.