399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 2,599 രൂപ തിരിച്ചു നല്‍കും; കിടിലന്‍ ഓഫറുമായി ജിയോ

single-img
9 November 2017

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ വരിക്കാരെ പിടിച്ചുനിര്‍ത്താനായി വന്‍ ഓഫറുമായി വീണ്ടും രംഗത്ത്. 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 2,599 രൂപ തിരിച്ചു നല്‍കുന്ന ക്യാഷ്ബാക്ക് ഓഫറാണ് ഇത്തവണ വരിക്കാര്‍ക്കായി ജിയോ അവതരിപ്പിക്കുന്നത്. നവംബര്‍ 10 മുതല്‍ 25 വരെയാണ് ജിയോ ഈ ഓഫര്‍ നല്‍കുന്നത്.

399 രൂപയ്‌ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും 300 രൂപ ക്യാഷ് ബാക്ക് വൗച്ചറായും ശേഷിക്കുന്ന 1899 രൂപയ്ക്ക് ഇകൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ വഴി ഷോപ്പിങ്ങും നടത്താം. 400 രൂപയുടെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് തുക അടുത്ത എട്ടു റീചാര്‍ജുകളിലായി 50 രൂപ വീതം ഉപയോഗിക്കാം.

ജിയോ പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. ആമസോണ്‍, പേടിഎം, ഫോണ്‍പെ, മൊബിക്വിക്ക്, ആക്‌സിസ് പേ, ഫ്രീ റീചാര്‍ജ് എന്നീ വെബ്‌സൈറ്റുകള്‍ വഴി സാധനങ്ങള്‍ വാങ്ങാനാകും. ക്യാഷ്ബാക്ക് തുക ഡിജിറ്റല്‍ വാലെറ്റിലാണ് വരുന്നത്. ജിയോ ക്യാഷ്ബാക്ക് വൗച്ചര്‍ നവംബര്‍ 15നാണ് വാലെറ്റിലെത്തുക.

നേരത്തെ 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുകയാണെങ്കില്‍ മുഴുവന്‍ തുകയും തിരിച്ചു നല്‍കുന്ന കിടിലന്‍ ക്യാഷ്ബാക്ക് ഓഫറുമായി ജിയോ രംഗത്തെത്തിയിരുന്നു. ദീപാവലിയോടനുബന്ധിച്ചുള്ള ധന്‍ ധനാ ധന്‍ ഓഫര്‍ അനുസരിച്ചാണ് 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 400 രൂപ തിരിച്ചു നല്‍കുന്ന ഓഫര്‍ ജിയോ നല്‍കിയത്.