സോളാര്‍ റിപ്പോര്‍ട്ടില്‍ അമിതാവേശം കാട്ടിയ പിണറായി സര്‍ക്കാരിന് തിരിച്ചടി: ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ലൈംഗിക കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം

single-img
8 November 2017

സോളാര്‍ കേസിലെ നിയമോപദേശത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ലൈംഗിക കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം. ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമാണെന്നാണ് മൊഴിയില്‍നിന്ന് വ്യക്തമാകുന്നതെന്നു സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരിജിത് പസായത്ത് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നു.

തിടുക്കത്തില്‍ കേസെടുത്താല്‍ എഫ്.ഐ.ആര്‍ റദ്ദാക്കപ്പെടാനുള്ള സാധ്യതയും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അഴിമതി നിരോധന പ്രകാരമുള്ള എല്ലാ കേസുകളും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുമെന്നും നിയമോപദേശത്തില്‍ പറയുന്നു.

ലൈംഗിക സംതൃപ്തി നേടിയത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍പ്പെടുമെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന്റെ നിയമപരമായ സാധ്യതയും അരിജിത്ത് പസായത്ത് ശരിവെച്ചു. എന്നാല്‍ ലൈംഗിക പീഡനക്കേസ് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ അരിജിത്ത് പസായത്ത് സംശയം പ്രകടിപ്പിച്ചു.

എഫ്‌ഐആര്‍ എടുത്താല്‍ അത് റദ്ദാകാനുള്ള സാധ്യതയുണ്ടെന്നും നിയമോപദേശത്തില്‍ പറയുന്നു. സരിതയുടെ കത്തില്‍ പേരുള്ളവര്‍ക്കെതിരെ ലൈംഗിക പീഡനകേസ് പ്രാഥമിക അന്വേഷണത്തിന് ശേഷമേ എടുക്കാനിടയുള്ളൂ എന്നാണ് നിയമോപദേശത്തില്‍ നിന്ന് വ്യക്തമാവുന്നത്. കേസെടുക്കുന്നത് പിന്നീട് അന്വേഷണ സംഘത്തിന് തീരുമാനിക്കാമെന്നും നിയമോപദേശത്തില്‍ ഉണ്ട്.

കൃത്യതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ എഫ്‌ഐആര്‍ റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അരിജിത്ത് പസായത്ത് നിയമോപദേശത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ തുടരന്വേഷണം നടത്തി കേസിനെക്കുറിച്ചു അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടാല്‍ മാത്രം കേസ് റജിസ്റ്റര്‍ ചെയ്യാനാണ് നിലവിലെ തീരുമാനം.

കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരവും സരിതയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കുറ്റത്തിനു മാനഭംഗക്കേസും റജിസ്റ്റര്‍ ചെയ്യുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

അന്നത്തെ പ്രത്യേക സംഘം അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കേസുകള്‍ വീണ്ടും അന്വേഷിക്കുമെന്നും പറഞ്ഞിരുന്നു. ഇതെല്ലാം അന്വേഷിക്കാന്‍ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെയും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു.