രഘുറാം രാജനെ എഎപി ടിക്കറ്റില്‍ രാജ്യസഭയില്‍ എത്തിക്കാന്‍ നീക്കം: മോദി ‘പറഞ്ഞുവിട്ട’ ആര്‍ബിഐ മുന്‍ ഗവര്‍ണറിലൂടെ കേജ്രിവാള്‍ ലക്ഷ്യം വെക്കുന്നത് എന്ത്?

single-img
8 November 2017

ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെ രാജ്യസഭയിലെത്തിക്കാന്‍ നീക്കം. ഡല്‍ഹിയില്‍ നിന്നും ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലൊന്നില്‍ രഘുറാം രാജനെ മത്സരിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹി നിയമസഭയില്‍ മികച്ച ഭൂരിപക്ഷമുള്ള ആം ആദ്മി പാര്‍ട്ടിക്ക് ഒഴിവു വരുന്ന മൂന്ന് സീറ്റുകളും അനായാസം വിജയിക്കാന്‍ സാധിക്കും.

ഈ സീറ്റുകളിലേക്ക് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് പകരം പാര്‍ട്ടിക്ക് പുറത്തു നിന്നുള്ള മികച്ച വ്യക്തിത്വങ്ങളെ മത്സരിപ്പിക്കാനാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആലോചിക്കുന്നതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

എഎപി പരിഗണിക്കുന്ന പേരുകളില്‍ രഘുറാം രാജനാണ് മുന്‍ഗണന. എന്നാല്‍ ഇദ്ദേഹത്തെ പാര്‍ട്ടി ഔദ്യോഗികമായി സമീപിച്ചോ എന്ന് വ്യക്തമല്ല. നിലവില്‍ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്ന രഘുറാം രാജന്‍ ആം ആദ്മിയുടെ വാഗ്ദാനത്തോട് എങ്ങനെ പ്രതികരിച്ചു എന്ന കാര്യവും അറിവായിട്ടില്ല.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്ത രഘുറാം രാജന്‍ ലോകത്തെ പ്രശസ്തരായ സാമ്പത്തികവിദഗ്ദ്ധരില്‍ ഒരാളാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വച്ച രഘുറാം രാജന് പദവിയില്‍ തുടരുവാന്‍ താത്പര്യമുണ്ടായിരുന്നുവെങ്കിലും നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അവസരം കൊടുക്കാന്‍ തയ്യാറായില്ല.

ഇതോടെ മന്‍മോഹന്‍സിംഗ് പ്രത്യേക താത്പര്യമെടുത്ത് കൊണ്ടുവന്ന രാജന്‍ അമേരിക്കയിലേക്ക് തന്നെ മടങ്ങി. അതേസമയം വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ രാജ്യസഭയിലേക്ക് അയക്കാന്‍ പാര്‍ട്ടി സന്നദ്ധമാകുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയേ കുറിച്ചുള്ള മതിപ്പ് വര്‍ധിപ്പിക്കുമെന്നും 2019ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്നുമാണ് എഎപിയുടെ നിഗമനം.

കുമാര്‍ വിശ്വാസ്, അഷുതോഷ്, സഞ്ജയ് സിംഗ്, ദിലീപ് പാണ്ഡെ തുടങ്ങിയവര്‍ രാജ്യസഭാ ടിക്കറ്റിനായി രംഗത്തുവന്നിട്ടുണ്ട്. ഇതിനിടെയാണ് പാര്‍ട്ടിക്കു പുറത്തുനിന്നുള്ളവരെ നേതൃത്വം പരിഗണിക്കുന്നതായി റിപ്പോര്‍ട്ട് വരുന്നത്. കുമാര്‍ വിശ്വാസിനെ പോലെയുള്ളവരെ രാജ്യസഭയിലേക്ക് അയക്കുന്നത് പാര്‍ട്ടിക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറിയിച്ചതായി ഒരു എഎപി എം.എല്‍.എ പ്രതികരിച്ചു. പാര്‍ട്ടിയെ ദേശീയ തലത്തിലേക്ക് ഉയര്‍ത്താന്‍ രഘുറാം രാജനെ പോലെയുള്ളവരാണ് എത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.