നോട്ട് നിരോധനത്തിന് ഇന്ന് ഒരാണ്ട്: കരിദിനം ആചരിച്ച് പ്രതിപക്ഷം

single-img
8 November 2017

നോട്ട് നിരോധനത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏറ്റവും അധികം വിമര്‍ശനവും പ്രതിഷേധവും വിളിച്ച് വരുത്തിയ തീരുമാനമായിരുന്നു നോട്ട് അസാധുവാക്കല്‍. ഒരാണ്ട് തികയുമ്പോഴും ഇതേ തുടര്‍ന്നുള്ള ദുരിതവും പ്രതിഷേധവും തുടരുകയാണ്.

സാമ്പത്തിക രംഗത്ത് മിന്നലാക്രമണമായി മാറിയ നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാര്‍ഷിക ദിനമായ ഇന്ന് വലിയ പ്രതിഷേധ പരിപാടികളാണ് പ്രതിപക്ഷ പാര്‍ടികളും സംഘടനകളും ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ന് കരിദിനമായി ആചരിക്കുന്ന കോണ്‍ഗ്രസ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാര്‍ച്ചുകൾ നടത്തും. ദില്ലിയിൽ പാര്‍ലമെന്‍റ് മാര്‍ച്ചും സംഘടിപ്പിക്കും.

സിപിഎമ്മും സിപിഐയും ഉള്‍പ്പെടെ എട്ട് ഇടത് പാര്‍ട്ടികള്‍ സംയുക്തമായാണ് പ്രതിഷേധം ആസൂത്രണം ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ സിപിഎം പിബി അംഗം ബൃന്ദ കാരാട്ടിന്‍റെ നേതൃത്വത്തില്‍ ഇടത് നേതാക്കള്‍ റിസര്‍വ്വ് ബാങ്കിലേക്ക് മാര്‍ച്ച നടത്തും. തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തലസ്ഥാനത്ത് വെവ്വേറെ പ്രതിഷേധ പരിപാടികള്‍ നിശ്ചയിച്ചിട്ടുണ്ട്.

പ്രതിപക്ഷ പാര്‍ടികൾ ഒന്നടങ്കം പ്രതിഷേധവുമായി നിരത്തിലിറങ്ങുന്ന സാഹചര്യത്തിൽ നോട്ട് നിരോധനത്തിന്‍റെ നേട്ടങ്ങൾ ജനങ്ങളെ അറിയിക്കാൻ പ്രചരണ പരിപാടികൾ സംഘടിപ്പിച്ച് മറുപടി നൽകാനാണ് ബി.ജെ.പി തീരുമാനം. കേന്ദ്ര മന്ത്രിമാര്‍ എം.പിമാര്‍ എന്നിവര്‍ ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും. ഇന്ന് ഗുജറാത്തിലെ പരിപാടികളിൽ പങ്കെടുത്ത് വൈകീട്ട് ദില്ലിയിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ നവംബര്‍ 8ലെ പോലെ ഇന്ന് പുതിയ എന്തെങ്കിലും പ്രഖ്യാപനം നടത്തുമോ എന്ന് ഏവരും ഉറ്റുനോക്കുന്നത്.