ഒരമ്പലം ദേവസ്വം ബോർഡ് ഏറ്റെടുത്താൽ എന്താണു കുഴപ്പം എന്നാണു താൻ ആദ്യം ചോദിച്ചത് : വാട്സാപ്പ് ഓഡിയോ വിവാദങ്ങളോട് മേജർ രവി പ്രതികരിക്കുന്നു

single-img
8 November 2017

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് വർഗീയ പരാമർശങ്ങളടങ്ങിയ  ഓഡിയോ വിവാദമായ സാഹചര്യത്തിൽ സംവിധായകൻ മേജർ രവി ഇ വാർത്തയോട് പ്രതികരിക്കുന്നു. ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരുമെന്നും അമ്പലങ്ങളില്‍ കയറിക്കൂടിയവര്‍ വീടുകളിലും വന്നു കയറുമെന്നും മേജര്‍ രവി പറയുന്ന ഓഡിയോ ആണു വിവാദമായത്. സംഘപരിവാർ അനുകൂല വാട്സാപ്പ് ഗ്രൂപ്പിൽ വോയ്സ് മെസേജ് ലീക്ക് ആകുകയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. 

താന്‍ രാവിലെ കുമ്മനം രാജശേഖരനുമായി സംസാരിച്ചുവെന്ന് പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. ഒരു വര്‍ഷം മുന്‍പ് ടിവി ചാനല്‍ അവതാരികയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണമെന്ന് പറഞ്ഞതിന് എല്ലാവരും കൂടെ തന്റെ നെഞ്ചത്ത് പൊങ്കാലയിട്ടു. അന്ന് ഒരു ഹിന്ദുവിന്റെയും രക്തം തിളയ്ക്കുന്നത് കണ്ടില്ലെന്നും ഈ ഓഡിയോയിൽ മേജർ രവി പറയുന്നുണ്ട്. ഇന്നവര്‍  നിങ്ങള്‍ വിശ്വസിക്കുന്ന അമ്പലങ്ങളില്‍ കയറിക്കൂടിയിരിക്കുന്നു. നാളെ വീട്ടിലും കയറും. എല്ലാവരും കൂടി പുറത്തിറങ്ങുന്ന സമയത്തു മാത്രമേ താനും പുറത്തിറങ്ങൂവെന്നും ഒറ്റപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഓഡിയോയിൽ മേജര്‍ രവി പറയുന്നു.

ഭാരതീയം എന്ന സംഘപരിവാർ അനുകൂല വാട്സാപ്പ് ഗ്രൂപ്പിൽ തന്നോട് പാർത്ഥ സാരഥി ക്ഷേത്രവിഷയത്തിൽ ഹിന്ദുക്കൾക്കു വേണ്ടി മുന്നോട്ട് വരണം എന്ന് പറഞ്ഞവരോട്, ‘താൻ മുന്നോട്ട് വന്നിട്ട് ആരും വളരേണ്ടതില്ലെന്നും നിങ്ങൾക്ക് വളരണമെങ്കിൽ നിങ്ങൾ തന്നെ മുന്നോട്ട് വരണമെന്നും‘ പറഞ്ഞ മറുപടിയാണു ആ ഓഡിയോ എന്നാണു മേജർ രവി വിശദീകരിക്കുന്നത്. എന്നാൽ താൻ ആരെയോ തെറിവിളിക്കുന്നതായോ കൊല്ലാൻ ആഹ്വാനം ചെയ്തതായോ ഒക്കെയാണു ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നതെന്നും മേജർ രവി പറയുന്നു.

“ഒരു ഗ്രൂപ്പിൽ നിന്നും നാലു പ്രാവശ്യം നമ്മൾ തന്നെ എക്സിറ്റ് ചെയ്തിട്ടും പിന്നെയും വലിച്ചു കയറ്റിയിട്ട് അവിടെ നടക്കുന്ന ഡിസ്കഷനിൽ ഒരാൾ ചോദിക്കുന്ന ചോദ്യത്തിനു ഞാൻ നൽകിയ ഉത്തരമാണു ഞാൻ ഓഡിയോയിൽ നൽകിയിരിക്കുന്നത്. എന്നാൽ എന്താണു ചോദിക്കുന്നത് എന്ന് അവർ പുറത്തുവിട്ടിട്ടില്ല. ‘സാറു മുന്നിൽ നിൽക്കണം‘ എന്നു ആവശ്യപ്പെടുന്നയാളോട് ‘ഞാ‍ൻ നിൽക്കില്ല‘ എന്നു വിശദീകരിക്കുന്ന ഓഡിയോ ആണത്. നിങ്ങളുടെ അവകാശങ്ങൾ നിങ്ങൾക്ക് തന്നെ നേടിയെടുക്കാൻ അറിയില്ലെങ്കിൽ പിന്നെ ഞാനെന്തിനാണു നിൽക്കുന്നത് എന്നാണു എന്റെ ചോദ്യം. അപ്പോഴേയ്ക്കും ഞാൻ സംഘിയായി. ഞാൻ വർഗീയനായി,” മേജർ രവി പറയുന്നു.

ഹിന്ദുവികാരം ഉണരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓഡിയോയിൽ പറഞ്ഞതല്ലേ അത്തരം ട്രോളുകൾ ഉണ്ടാകാൻ കാരണമെന്ന ചോദ്യത്തിനു മേജർ രവിയുടെ മറുപടി ഇങ്ങനെ:

“നിങ്ങളുടെ അമ്പലം കൈവിട്ടുപോകുന്നതിൽ നിങ്ങൾക്ക് വികാരം ഇല്ലെങ്കിൽപ്പിന്നെ നിങ്ങളെന്തിനാണു നിങ്ങൾ എന്നോട് പറയുന്നതെന്നാണു ഞാൻ അതിൽ പറയാൻ ശ്രമിക്കുന്നത്. ഞാനല്ല മുന്നിൽ നിൽക്കേണ്ടത്, നിങ്ങളായിട്ട് ചെയ്യൂ എന്നാണു ഞാൻ പറയുന്നത്. ഞാൻ ആദ്യം ചോദിച്ചത് ഇതാണു. ദേവസ്വം ബോർഡ് അമ്പലം ഏറ്റെടുത്താൽ എന്താണു പ്രശ്നം? അപ്പോൾ അവർ പറയുന്നത് ഈ പൈസ സർക്കാർ എടുക്കുന്നു, അതു ഹജ്ജ് സബ്സിഡി ആയിക്കൊടുക്കുന്നു എന്നൊക്കെയാണു. ഇതൊക്കെ വളരെ ദുർബ്ബലമായ വാദങ്ങൾ ആണു. വിവരാവകാശക്കമ്മീഷനിൽപ്പോലും ചോദിച്ചാൽ അങ്ങനെ ഒന്നിനും ഈ ഫണ്ടിംഗ് ഉപയോഗിക്കുന്നില്ല എന്നാണു അറിയാൻ കഴിയുക. വിവരമുള്ളവർക്ക് അതറിയാം. ഇനി മറ്റൊരു സമുദായക്കാരനു അവന്റെ വിശ്വാസപ്രകാരമുള്ള തീർത്ഥയാത്രയ്ക്ക് ഹിന്ദുമതത്തിന്റെ പൈസ ഉപയോഗിക്കുന്നു എന്നുതന്നെ കരുതുക. അങ്ങനെയാണെങ്കിൽ അതു നല്ലതല്ലേ? അതിനെന്തിനാണു ഈ വലിയ സനാതനധർമ്മവാദം പറയുന്നവർ അസ്വസ്ഥരാകുന്നത്?  ഇതൊക്കെയാണു ഞാൻ ആ ഗ്രൂപ്പിൽ ആദ്യം ചോദിച്ചത്. ഇതവർക്ക് ഇഷ്ടപ്പെടാത്തതുകൊണ്ടാകാം ഇപ്പോൾ എന്റെ ഓഡിയോ ഇത്തരത്തിൽ പുറത്തുവിട്ടത്. അതിൽ ഞാൻ ആദ്യം പറഞ്ഞ ഭാഗങ്ങൾ ഒന്നും അവർ പുറത്തുവിടില്ല.” 

ഹിന്ദു ഐക്യത്തിനുവേണ്ടി വാദിക്കുന്നവർ അമ്പലങ്ങളിലും ഭരനസമിതികളിലും ഇപ്പോഴും തുടരുന്ന ജാതീയതയെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും മേജർ രവി ആരോപിക്കുന്നു.

“അമ്പലങ്ങളിൽ ഇപ്പോഴും അപ്പർ കാസ്റ്റ് , ലോവർ കാ‍സ്റ്റ് എന്നിങ്ങനെയുള്ള വേർതിരിവുണ്ട്. ഇപ്പോ ഞാൻ ഒരു അപ്പർ കാസ്റ്റ് ആയതുകൊണ്ട് എനിക്കത് അനുഭവവേദ്യമാകാത്തതാകാം. എന്റെ എത്രയോ സി പി എം അനുഭാവികളായ സഹോദരന്മാരുണ്ട്. അവർ എന്നോട് പറഞ്ഞിട്ടുണ്ട്. രവിയേട്ടാ അതങ്ങനെയല്ല. അമ്പലങ്ങളിൽ പല പ്രശ്നങ്ങളുമുണ്ട്. അപ്പോ ഹിന്ദുവിന്റെ ഉള്ളിലുള്ള പ്രശ്നങ്ങൾ തീർക്കാനും ഞാൻ പറഞ്ഞു. ഹിന്ദുക്കളിൽത്തന്നെ താഴ്ന്ന ജാതിക്കാരെ അകത്തുകയറ്റാത്ത എത്രയോ അമ്പലങ്ങൾ ഇപ്പോഴും ഉണ്ട്. ഇതൊക്കെ ചോദിക്കുമ്പോൾ അവർക്ക് മറുപടിയില്ല. ഇതൊക്കെ അവർക്ക് അസ്വസ്ഥയുണ്ടാക്കിക്കാണും,”  മേജർ രവി പറയുന്നു.

യദുകൃഷ്ണൻ എന്ന ദളിതൻ പൂജാരിയായപ്പോൾ അതിനെതിരെ യോഗക്ഷേമസഭ നിരാഹാരം കിടന്ന സംഭവത്തേയും മേജർ രവി പരാമർശിക്കുന്നു:

“ആ രണ്ടുപേർ പൂജാരിയായ സമയത്ത് ഇനിയെങ്കിലും സമത്വം വരുന്നുണ്ട് എന്നു കാണുന്നതായിരുന്നു സന്തോഷം. പക്ഷെ അവിടേയും ഉള്ളിന്റെയുള്ളിൽ എന്തെല്ലാം പൊളിറ്റിക്സ് നടന്നിട്ടുണ്ട്. ഇത് യഥാർത്ഥത്തിൽ ഹിന്ദുവെന്നോ മുസ്ലീമെന്നോ കമ്യൂണിസ്റ്റെന്നോ ബിജെപിയെന്നോ ഉള്ളതല്ല. ഇതിവിടുത്തെ  മാടമ്പി സ്വഭാവമുള്ള കുറച്ച് ആളുകൾ അമ്പലവും പള്ളിയുമൊക്കെ കുത്തകയാക്കി വെയ്ക്കുന്നതിന്റെ പ്രശ്നമാണു,” അദ്ദേഹം പറഞ്ഞു.

‘ഇന്നവർ നിങ്ങളുടെ അമ്പലങ്ങളിൽ കയറി നാളെ നിങ്ങളുടെ വീട്ടിൽക്കയറും’ എന്ന പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ:

“ പാർത്ഥസാരഥി ക്ഷേത്രത്തിൽ പോലീസ് കയറിയതിനെക്കുറിച്ചായിരുന്നു ആ പരാമർശം. പോലീസ് ഒരു ആരാധനാലയത്തിലും കയറാൻ പാടില്ല എന്നാണു എന്റെ നിലപാട്. അതിപ്പോ അമ്പലത്തിലായാലും പള്ളിയിലായാലും മറ്റേതെങ്കിലും ആരാധനാലയത്തിലായാലും പോലീസ് യൂണിഫോമിട്ടവർ കയറുന്നത് ശരിയായ നിലപാടല്ല. ഈയിടെ തൃശൂരിൽ ഒരു പള്ളിയ്ക്കകത്ത് പോലീസ് കയറി. ഞാൻ അന്ന് അതിനെ എതിർത്തിരുന്നു. ഏത് ആരാധനാലയം ആയാലും എന്റെ നിലപാടിതാണു. അതല്ല ഹിന്ദുവിന്റെ മാത്രം വിശ്വാസത്തെക്കുറിച്ച് ഞാൻ പറഞ്ഞാൽ അപ്പോൾ നിങ്ങൾക്ക് എന്നെ വർഗീയൻ എന്നു വിളിക്കാം. അതല്ലാതെ എന്നെ വെറുതേ വർഗീയനെന്നും സംഘിയെന്നും വിളിച്ചുകൊണ്ടിരിക്കുന്നവരോട് ഒന്നും പറയാനില്ല. “

ബിജെപിയോട് അനുഭാവമുണ്ടോ എന്ന ചോദ്യത്തിനു മേജർ രവിയുടെ മറുപടി ഇങ്ങനെയായിരുന്നു:

“ ഈ കഴിഞ്ഞ ഇലക്ഷനു ബിജെപി സ്ഥാനാർത്ഥിയാകാൻ വേണ്ടി പലരും എന്നെ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഞാൻ അതിനു നിന്നിട്ടില്ലല്ലോ? ബിജെപിയുടെ മെമ്പർഷിപ്പും എനിക്കില്ല. പിന്നെ അനുഭാവമുണ്ടോ എന്നു ചോദിച്ചാൽ മോദി സർക്കാർ അധികാരത്തിൽ വന്ന സമയത്ത് ഞാൻ അവരെ പിന്തുണച്ചിരുന്നു. ഇപ്പൊ പിന്തുണയ്ക്കുന്നുണ്ടോ എന്നു ചോദിച്ചുകഴിഞ്ഞാൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ ഒട്ടും കണ്വിൻസ്ഡ് അല്ല. എനിക്ക് ഇന്ററസ്റ്റുമില്ല.”

നോട്ട് നിരോധനത്തെയും താൻ ആദ്യം പിന്തുണച്ചിരുന്നുവെന്നും എന്നാൽ അതു നടപ്പാക്കിയത് ഒരു പ്ലാനിംഗുമില്ലാതെയാണെന്ന് പിന്നീട് മനസ്സിലായെന്നും മേജർ രവി പറയുന്നു. ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി. അതുകൊണ്ട് ഫലമെന്തെങ്കിലും ഉണ്ടായോ എന്നതിൽ വ്യക്തതയുമില്ല. ഇപ്പോൾ താൻ അങ്ങനെ അന്ധമായി ഒന്നിനേയും പിന്തുണയ്ക്കുന്നില്ലെന്നും ചിന്തിച്ചും അനലൈസ് ചെയ്തും മാത്രമേ അഭിപ്രായങ്ങൾ രൂപീകരിക്കാറുള്ളൂവെന്നും മേജർ രവി പറഞ്ഞു.

താൻ ഒരു വർഗീയവാദിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വേദനയുളവാക്കുന്നുവെന്നും മേജർ രവി പറഞ്ഞു. താൻ എല്ലാമതത്തിലുള്ളയാളുകളുമായും സഹകരിക്കുന്നയാളാണു. നോമ്പ് സമയങ്ങളിൽ യത്തീം ഖാനകളുടെ നോമ്പുതുറയ്ക്ക് താൻ പങ്കെടുക്കാറുണ്ട്. മുസ്ലീം സുഹൃത്തുക്കളോടൊപ്പം ദർഗ്ഗകളിൽപ്പോയി പ്രാർത്ഥിക്കാറുമുണ്ട്. 

“ഇപ്പോൾ അറുപത് വയസ്സായി. ജീവിതത്തിന്റെ അസ്തമയമാണു എന്ന ഫീൽ ആണിപ്പോൾ. അതുകൊണ്ട് ആരെന്തുപറഞ്ഞാലും അതിനോട് പ്രതികരിക്കാൻ ഇല്ല” മേജർ രവി പറഞ്ഞു.