ട്വന്റി 20 ക്രിക്കറ്റ് മികച്ച സുരക്ഷ ഒരുക്കി പൊലീസ്; അഭിനന്ദനം അറിയിച്ച് ഡിജിപി

single-img
8 November 2017

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന പ്രഥമ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിലെ സുരക്ഷാ വിജയം കേരള പൊലീസിന് ഒരു പൊൻതുവൽ കൂടിയായി. മഴയിലും കാണികളുടെ ആവേശം അണക്കാതെ സുരക്ഷ ഒരുക്കിയ കേരള പൊലീസിന്റെ സുരക്ഷാ സേവനത്തിന് ബി.സിസി അധികൃതർ സംതൃപ്തി അറിയിച്ചു. തുടർന്ന് മത്സരത്തിന് സുരക്ഷ ഒരുക്കിയ മുഴുവൻ പൊലീസുകാർക്കും പൊലീസ് ചീഫ് ലോക് നാഥ് ബഹ്റ അഭിനന്ദനം അറിയിച്ച കത്ത് നൽകി.

തിരുവനന്തപുരം മേഖല ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് പഴുതടച്ച സുരക്ഷ ഒരുക്കിയത്. മഴ കാരണം കാണികളുടെ ആവേശം തടയാൻ ശ്രമിക്കരുതെന്ന് ഐ.ജി ആദ്യമേ നിർദേശം നൽകിയിരുന്നു. കാണികളുടെ ആവേശം കുറക്കാതെ മഴ കാരണമായുള്ള അസൗകര്യങ്ങളും നിയന്ത്രിക്കുക എന്നത് പൊലീസിന് മുന്നിലെ വെല്ലുവിളി ആയിരുന്നുവെന്നും ഐ.ജി പറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതോടൊപ്പം ഗതാഗത നിയന്ത്രണത്തിലും പൊലീസ് സാമർത്ഥ്യം കാട്ടി. വാഹന പാർക്കിങ്ങിന് കൂടുതൽ സ്ഥലം നേരത്തെകണ്ടെത്തിയിരുന്നു. ടൂ വീലർ വാഹനങ്ങളെയാണ് കൂടുതൽ പ്രതീക്ഷിച്ചിരുന്നത്. മഴ കാരണം കൂടുതൽ പേർ കാറുകളിൽ എത്തിയപ്പോൾ പാർക്കിങ്ങിനെ ബാധിച്ചെങ്കിലും പൊലീസ് പെട്ടെന്ന് തന്നെ പാർക്കിംഗ് സംവിധാനം മാറ്റി കൂടുതൽ പേർക്ക് സൗകര്യം ഒരുക്കി.

കോവളം ഹോട്ടലു മുതൽ സ്റ്റേഡിയം വരെയും, സ്റ്റേഡിയത്തിലെ സുരക്ഷയും പൊലീസിന്റ കീഴിലായിരുന്നു. ഇതിനായി ഐ.ജിക്ക് കീഴിൽ 7 എസ്.പിമാർ, 28 ഡിവൈഎസ്.പിമാർ, 46 സി.ഐ, 380 എസ് . ഐ ഉൾപ്പെടെ 2500 പൊലീസുകാരാണ് സുരക്ഷക്കെത്തിയത്.