രണ്ടാം ക്ലാസുകാരന്റെ കൊലപാതകം: പ്ലസ് ടു വിദ്യാര്‍ത്ഥിയെ സിബിഐ അറസ്റ്റ് ചെയ്തു; കൊലപാതകം നടത്തിയത് ക്ലാസ് പരീക്ഷ മാറ്റി വയ്ക്കുന്നതിനെന്ന് പ്രതി

single-img
8 November 2017

ഹരിയാണയിലെ ഗുരുഗ്രാമില്‍ ഏഴ് വയസ്സുള്ള വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയെ സിബിഐ അറസ്റ്റ് ചെയ്തു. കുട്ടി കൊല്ലപ്പെട്ട ദിവസം സംഭവസ്ഥലത്ത് ആദ്യം എത്തിയത് ഈ വിദ്യാര്‍ത്ഥിയായിരുന്നു.

ഇതേ തുടര്‍ന്നാണ് കുട്ടിയെ ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം മുഴുവന്‍ സി.ബി.ഐ ആസ്ഥാനത്ത് വച്ച് കുട്ടിയെ ചോദ്യം ചെയ്തു വരികയായിരുന്നുവെന്നും ഇതിന് ശേഷമാണ് അറസ്റ്റ് ചെയ്തതെന്നുമാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് സൂചന.

ക്ലാസ് പരീക്ഷ മാറ്റി വയ്ക്കുന്നതിനായാണ് താന്‍ രണ്ടാം ക്ലാസുകാരനെ കൊന്നതെന്ന് പ്രതിയായ പ്ലസ് വണ്‍ വിദ്യാര്‍ഥി സിബിഐയോട് സമ്മതിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുതിയ കണ്ടെത്തലിന്റെ പൂര്‍ണവിവരങ്ങള്‍ ഉള്‍പ്പെടുത്തി വാര്‍ത്താക്കുറിപ്പ് ഇറക്കുമെന്ന് സിബിഐ വക്താവ് അറിയിച്ചു.

കഴിഞ്ഞ സെപ്തംബര്‍ എട്ടിനാണ് ഏഴു വയസ്സുകാരനായ പ്രധ്യുമാന്‍ താക്കൂറിനെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ശൗചാലയത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. സ്‌കൂളിലെത്തിയാല്‍ ശുചിമുറിയില്‍ പോകുന്ന പതിവ് പ്രധ്യുമാനുണ്ടായിരുന്നു.

ഇത്തരത്തില്‍ പോയപ്പോഴായിരുന്നു കുട്ടി കൊല്ലപ്പെട്ടത്. അമിത രക്തസ്രാവമാണ് കുട്ടിയുടെ മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മിനിട്ടുകള്‍ക്കുള്ളില്‍ വലിയൊരു അളവ് രക്തമാണ് വാര്‍ന്നു പോയത്. കത്തി ഉപയോഗിച്ചുള്ള രണ്ട് മുറിവുകള്‍ പ്രധ്യുമാന്റെ കഴുത്തില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ബസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെയാണ് പൊലീസ് അറസ്റ്റുചെയ്തിരുന്നത്. ലൈംഗീകപീഡനം നടത്താനുള്ള ശ്രമം കുട്ടി തടഞ്ഞപ്പോള്‍ അശോക് കുമാര്‍ കുട്ടിയെ കൊന്നെന്നായിരുന്നു പോലീസ് ഭാഷ്യം.

എന്നാല്‍ പോലീസ് പ്രതിയെ കണ്ടെത്തിയിട്ടും അത് അംഗീകരിക്കാതെ സിബിഐ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ഉറച്ച നിലപാടിനെ തുടര്‍ന്നാണ് ഹരിയാന ഭരിക്കുന്ന മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ കേസന്വേഷണം സിബിഐയ്ക്ക് വിട്ടത്.