നിങ്ങള്‍ ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് വ്യാജനല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മുന്നറിയിപ്പ്

single-img
7 November 2017

സോഷ്യല്‍ മീഡിയയിലെ പ്രമുഖ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിന്റെ വ്യാജന്‍ പുറത്തിറങ്ങിയതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ വഴി പത്ത് ലക്ഷം വ്യാജ വാട്‌സ്ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

അപ്‌ഡേറ്റ് വാട്‌സ് ആപ്പ് മെസെഞ്ചര്‍ എന്നാണ് വ്യാജന്റെ പേര്. വ്യാജ ആപ്പ് നിര്‍മിച്ചതിന് പിന്നില്‍ മറ്റേതെങ്കിലും ചാറ്റ് സര്‍വീസ് കമ്പനി ആയിരിക്കാമെന്ന് വാട്‌സ്ആപ്പ് പറഞ്ഞു. വ്യാജ ആപ്പിനെ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കി. യഥാര്‍ത്ഥ വാട്‌സ്ആപ്പിന് സമാനമായ രീതിയിലാണ് വ്യാജനും നിര്‍മിച്ചിരിക്കുന്നത്.

ഒരു സാധാരണ യൂസറിന് ഇവ തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാന്‍ സാധിക്കില്ല. സ്‌പെയിസ് എന്നുതോന്നിക്കും വിധമുള്ള പ്രത്യേക ക്യാരക്ടേഴ്‌സ് ഉപയോഗിച്ച് വ്യാജനില്‍ സ്‌പെയിസ് നികത്തുന്നു. സോഫ്റ്റ്‌വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള പരസ്യങ്ങളും വ്യാജ പതിപ്പില്‍ ഉണ്ടാകാറുണ്ടെന്ന് ഓണ്‍ലൈന്‍ ഫോറമായ റെഡിറ്റര്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടി.

പിഇജിഐ 3 റേറ്റിംഗുള്ള ഔദ്യോഗിക വാട്‌സ്ആപ്പിന് നിലവില്‍ ഒരു ബില്യണ്‍ ഡൗണ്‍ലോഡ്‌സാണ് ഉള്ളത്. വ്യാജനെ സൂക്ഷിക്കണമെന്ന നിര്‍ദ്ദേശവും വാട്ട്‌സ്ആപ്പ് കമ്പനി നല്‍കുന്നുണ്ട്.