തിരുവനന്തപുരത്ത് ചരിത്രം കുറിക്കാന്‍ ടീം ഇന്ത്യ ഇറങ്ങുന്നു; ഗ്രീന്‍ഫീല്‍ഡില്‍ ‘റണ്‍മഴ’ പെയ്യും

single-img
7 November 2017

ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ട്വന്റി20 പരമ്പരയിലെ ജേതാക്കളെ നിര്‍ണയിക്കുന്ന മൂന്നാം മല്‍സരം ഇന്നു മലയാളത്തിന്റെ മണ്ണില്‍. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണു കളി. തുടര്‍ച്ചയായ പരമ്പരവിജയങ്ങളുടെ നെറുകയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീം ഇന്നു കളത്തിലിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആരാധകരുടെ മനസ്സിലില്ല.

കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡില്‍ റണ്‍ ഒഴുകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രാത്രിയില്‍ മത്സരം നടക്കുന്നത് ബാറ്റിംഗിനും ബോളിംഗിനും ഒരു പോലെ ഗുണം ചെയ്യും. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ മത്സരത്തിന് വില്ലനായി നിലനില്‍ക്കുകയാണ്.

ഇന്നു തലസ്ഥാനം മഴയില്‍ കുളിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഉച്ചയ്ക്കുശേഷം 2.30 മുതല്‍ കാര്യവട്ടവും സമീപപ്രദേശങ്ങളും മഴയുടെ പിടിയിലായേക്കും. 10 മില്ലിമീറ്റര്‍ വരെ മഴയാണു പ്രതീക്ഷിക്കുന്നത്. മല്‍സരം ആരംഭിക്കുന്ന രാത്രി ഏഴു മണിയോടെ ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ മഴ ശമിക്കുമെങ്കിലും നഗരത്തില്‍ തുടരുമെന്നാണു റിപ്പോര്‍ട്ട്.

മികച്ച ഔട്ട് ഫീല്‍ഡ്, മഴയുണ്ടായാലും അതിവേഗം ഗ്രൗണ്ട് മത്സര യോഗ്യമാകുമെന്നതും ശ്രദ്ധേയം. പിച്ച് പരിശോധിക്കാന്‍ ഇരു ടീമിന്റെയും കോച്ചുകളും കഴിഞ്ഞ ദിവസം ഗ്രൗണ്ടില്‍ എത്തിയിരുന്നു. റണ്‍മഴ തന്നെ ഗ്രീന്‍ഫീല്‍ഡില്‍ ഉണ്ടാകുമെന്നാണ് ക്രിക്കറ്റ് പ്രേമികളുടേയും പ്രതീക്ഷ.

ഇന്ത്യ പതിവുപോലെ ബാറ്റിങ് നിരയിലാണ് പ്രതീക്ഷ അര്‍പ്പിക്കുന്നത്. ധവാന്‍, രോഹിത്, കോലി എന്നിവര്‍ മികച്ച ഫോമിലാണ്. പാണ്ഡ്യയുടെ വെടിക്കെട്ടിലും ഇന്ത്യ കണ്ണുവെയ്ക്കുന്നുണ്ട്. മധ്യനിരയുടെ പ്രകടനം മെച്ചപ്പെടുകയുംവേണം. ഭുവനേശ്വര്‍കുമാറും ജസ്പ്രിത് ബൂംറയും നേതൃത്വം നല്‍കുന്ന ബൗളിങ് നിരയും റണ്‍സൊഴുക്ക് തടയുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.

മറുവശത്ത് ഒരുപിടി മികച്ച താരങ്ങള്‍ കീവിസ് നിരയിലുണ്ട്. ഗുപ്റ്റില്‍, വില്യംസണ്‍ എന്നിവര്‍ ഇതുവരെ അവസരത്തിനൊത്ത് ഉയര്‍ന്നിട്ടില്ല. അതേസമയം ഓപ്പണറായ കോളിന്‍ മണ്‍റോ ബാറ്റിങിലും ഇടംകൈയന്‍ പേസര്‍ ട്രെന്റ് ബൗള്‍ട്ട് ബൗളിംഗിലും കീവികളുടെ തുറുപ്പ് ചീട്ടുകളാണ്.

വൈകിട്ട് ഏഴു മണിമുതലാണ് മല്‍സരം തുടങ്ങുന്നത്. മല്‍സരത്തിനായി താരങ്ങള്‍ ഉച്ചയ്ക്ക് ശേഷം കോവളത്തെ ഹോട്ടലില്‍നിന്ന് സ്റ്റേഡിയത്തിലേക്ക് പുറപ്പെടും. കാണികളെ ഉച്ചയ്ക്ക് ശേഷം സ്റ്റേഡിയത്തിലേക്ക് കടത്തിവിടും. മല്‍സരത്തിനായി കനത്ത സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.