ഇതാണ് തക്കാളി പുല്ലന്‍ ചെമ്മീന്‍: അത്യപൂര്‍വ്വമായി മാത്രം കാണുന്ന മത്സ്യഇനം

single-img
7 November 2017

ഇന്ത്യന്‍ തീരത്ത് അത്യപൂര്‍വ്വമായി മാത്രം കാണുന്ന മത്സ്യഇനമാണ് തക്കാളി ചെമ്മീന്‍. ബേപ്പൂരില്‍ നിന്ന് 60 നോട്ടിക്കല്‍ മൈല്‍ ഉള്‍ക്കടലില്‍ നിന്നാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ഈ ചെമ്മീന്‍ ലഭിച്ചത്. ചാവക്കാട് മുനയ്ക്കകടവ് ഹാര്‍ബറില്‍ കൊണ്ടുവന്ന തക്കാളി ചെമ്മീന്‍ കാണാനായി വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് തടിച്ചുകൂടിയത്.

ആഴക്കടലില്‍ പോയാല്‍ മാത്രമെ തക്കാളി പുല്ലന്‍ ചെമ്മീന്‍ ലഭിക്കുകയുള്ളൂ. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളാണ് ഇവയുടെ ചാകരക്കാലം. കുളച്ചല്‍ സ്വദേശിയായ ഡെന്‍സ്റ്റന്റെ ബോട്ടിലെ തൊഴിലാളികള്‍ ആഴ്ചകളോളം ഉള്‍കടലില്‍ തമ്പടിച്ചാണ് നിറയെ തക്കാളി ചെമ്മീനുമായി തിങ്കളാഴ്ച ഹാര്‍ബറിലെത്തിയത്.

സാധാരണയായി മുനയ്ക്കക്കടവ് ഹാര്‍ബറില്‍ ഈ ചെമ്മീന്‍ എടുക്കാറില്ല. ഇവിടത്തുകാര്‍ക്ക് ഇതിന്റെ രുചിയോടുള്ള താത്പര്യക്കുറവു കാരണമാണ് ഇത്. എന്നാല്‍ അഴീക്കോട് മുനമ്പത്തും കൊല്ലത്തും തക്കാളി ചെമ്മീന്‍ ഇഷ്ടവിഭവമാമണ്. അതിനാല്‍ കടലില്‍ വച്ചുതന്നെ കച്ചവടമായി. കിലോയ്ക്ക് 180 രൂപ നിരക്കില്‍ ലേലത്തിനാണ് ചെമ്മീന്‍ വിറ്റുപോയത്.

കടപ്പാട്: ഏഷ്യാനെറ്റ്