ആവേശപ്പോരിനൊടുവിൽ കാര്യവട്ടം ട്വന്റി ട്വന്റിയില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം: ഇന്ത്യയ്ക്ക് പരമ്പര

single-img
7 November 2017

ആവേശപ്പോരിനൊടുവിൽ കാര്യവട്ടം ട്വന്റി ട്വന്റിയില്‍ ഇന്ത്യയ്ക്ക് 6 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഉയർത്തിയ 68 റൺസിന്റെ വിജയലക്ഷ്യം നേടാനിറങ്ങിയ കിവികൾക്ക് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 61 റൺസേ നേടാനായുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി.

നേരത്തെ, മ​ഴ മൂ​ലം എ​ട്ടോ​വ​റാ​യി ചു​രു​ക്കി​യ മത്സ​ര​ത്തി​ൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത എട്ട് ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 67 റൺസെടുക്കാനേ സാധിച്ചുള്ളൂ. 11 പന്തിൽ ഒരു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 17 റൺസെടുത്ത മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

10 പന്തിൽ ഒരു സിക്സ് ഉൾപ്പെടെ 14 റൺസോടെ പുറത്താകാതെ നിന്ന ഹാർദിക് പാണ്ഡ്യയും ഇന്ത്യൻ സ്കോർ ഉയർത്തുന്നതിൽ നിർണായക പങ്കു വഹിച്ചു. ക്യാപ്റ്റൻ വിരാട് കോഹ്‍ലി ആറു പന്തിൽ ഒന്നു വീതം ബൗണ്ടറിയും സിക്സും ഉൾപ്പെടെ 13 റൺസെടുത്തു. രോഹിത് ശർമ (ഒൻപതു പന്തിൽ എട്ട്), ശിഖർ ധവാൻ (ആറു പന്തിൽ ആറ്), ശ്രേയസ് അയ്യർ (ആറു പന്തിൽ ആറ്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി അവസാന ഓവറിൽ കളത്തിലിറങ്ങിയെങ്കിലും ബോളുകളൊന്നും നേരിടാൻ അവസരം ലഭിച്ചില്ല. ന്യൂസീലൻഡിനായി ടിം സൗത്തി, ഇഷ് സോധി എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തി.

ഏഴു മണിക്കു തുടങ്ങേണ്ട മൽസരം മഴമൂലം വൈകിയ സാഹചര്യത്തിലാണ് എട്ട് ഓവറാക്കി ചുരുക്കിയത്. ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്ടൻ കെയ്ൻ വില്യംസൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. മുൻ മത്സരങ്ങളിൽ ഉണ്ടായിരുന്ന അക്‌സർ പട്ടേലിനെയും മുഹമ്മദ് സിറാജിനെയും ഒഴിവാക്കിയ കൊഹ്‌ലി മനീഷ് പാണ്ഡെയെയും കുൽദീപ് യാദവിനെയും ടീമിൽ ഉൾപ്പെടുത്തി.