ഇന്ധനക്കുടിശ്ശികയിനത്തില്‍ തൊണ്ണൂറ് കോടി രൂപ കെ.എസ്.ആര്‍.ടി.സി അടയ്ക്കണമെന്ന് സുപ്രീംകോടതി

single-img
7 November 2017

ഇന്ധനക്കുടിശ്ശികയിനത്തില്‍ തൊണ്ണൂറ് കോടി രൂപ കെ.എസ്.ആര്‍.ടി.സി അടയ്ക്കണമെന്ന് സുപ്രീംകോടതി. ഇളവ് നല്‍കണമെന്ന കെ.എസ്.ആര്‍.ടി.സിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. കുടിശിക സംസ്ഥാന സര്‍ക്കാരിന് അടയ്ക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.

ഇളവ് നല്‍കണമോ എന്ന് കേന്ദ്രസര്‍ക്കാരിന് തീരുമാനിക്കാം. സബ്‌സിഡി എന്നത് പരിഗണന മാത്രമാണ്. സബ്‌സിഡി ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആര്‍ക്കും വാശിപിടിക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി. വന്‍കിട ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ഒഴിവാക്കാന്‍ കിരീത് പരീഖ് സമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2013 ജൂലൈയില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

തുടര്‍ന്നുള്ള ആറുമാസക്കാലയളവില്‍ ഇന്ധനം വാങ്ങിയ ഇനത്തിലാണ് കെഎസ്ആര്‍ടിസി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അടക്കമുള്ള പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് 60 കോടി രൂപ കുടിശിക അടക്കാനുള്ളത്. പലിശ സഹിതം നിലവില്‍ ഇത് 90 കോടിയോളം വരും.

കുടിശ്ശിക അടക്കുന്നതില്‍ ഇളവ് തേടി കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന് ഇതടയ്ക്കാന്‍ ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.