രാഹുല്‍ ഗാന്ധിക്ക് തന്ത്രങ്ങള്‍ മെനഞ്ഞു നല്‍കുന്നത് നാല്‍പ്പത് പേരടങ്ങിയ രഹസ്യസേന: ഗുജറാത്തില്‍ പുതുചരിത്രം പിറക്കുമോ?

single-img
7 November 2017

ഗുജറാത്തില്‍ അധികാരത്തിലെത്താനുള്ള തന്ത്രങ്ങളൊരുക്കാന്‍ രാഹുല്‍ ഗാന്ധിക്ക് രഹസ്യസേന. ഗുജറാത്തിലെ ഓരോ ചെറിയ സംഭവവികാസങ്ങളും വിശകലനം ചെയ്ത് രാഹുലിനെ അറിയിക്കാന്‍ നാല്‍പ്പത് പേരടങ്ങിയ ഒരു പ്രത്യേകസംഘം തന്നെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്നത്.

രഹസ്യ ഉപദേശക സംഘത്തിന്റെ തലപ്പത്തുള്ളവരെ രാഹുല്‍ ഗാന്ധി നേരിട്ട് നിയമിച്ചതാണ്. സംഘത്തിലെ മറ്റ് അംഗങ്ങളെ ഇവര്‍ നിശ്ചയിച്ചു. ഈ സംഘത്തില്‍ പെട്ട ഒരാളാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. തങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ സംഘത്തലവന് നല്‍കും.

സംഘത്തലവന്‍ ഈ വിവരങ്ങള്‍ രാഹുലിന് എത്തിച്ചുകൊടുക്കും. ഗുജറാത്തിലെ ഓരോ നീക്കങ്ങളും തങ്ങള്‍ സംഘത്തലവനെ അറിയിക്കാറുണ്ട്. ജനങ്ങളുടെ വികാരം ഏത് രീതിയിലാണെന്ന് പഠിക്കുക, വിവിധ വിഷയങ്ങളില്‍ നിലപാടും നയങ്ങളും രൂപീകരിക്കുക ഇതെല്ലാമാണ് നിലവില്‍ തങ്ങളുടെ പ്രധാനചുമതല.

എന്നാല്‍ ഇതോടൊപ്പം തന്നെ അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കായി ഏറ്റവും മികച്ച 182 സ്ഥാനാര്‍ഥികളെ കണ്ടെത്തണമെന്ന നിര്‍ദേശവും തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ജനപ്രീതിയില്ലാത്തവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാവാന്‍ പാടില്ലെന്ന കര്‍ശന നിലപാടിലാണ് രാഹുല്‍ ഗാന്ധിയെന്നും രഹസ്യസേനാംഗം പറഞ്ഞു.

സംസ്ഥാന അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കിയോടും ഗുജറാത്ത് ചുമതലുള്ള അശോക് ഗെഹ്ലോട്ടിനോടും ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്ന് രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം 20ന് മുമ്പായി സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കാനുള്ള കഠിനപരിശ്രമത്തിലാണ് ഈ സീക്രട്ട് ടീം എന്നാണ് രാഹുല്‍ ഗാന്ധിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ തിരഞ്ഞെടുപ്പ് അടുത്താല്‍ ഡല്‍ഹിക്ക് പറന്നിരുന്ന സ്ഥാനാര്‍ഥി മോഹികളെല്ലാം ഇപ്പോള്‍ ബയോഡാറ്റയുമായി അഹമ്മദാബാദിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് വച്ചു പിടിക്കുന്നത് പോലും വലിയ മാറ്റമായി കാണുന്നവരുണ്ട്. ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്തിയാലും പ്രശ്‌നങ്ങള്‍ തീരുന്നില്ല എന്നതാണ് പക്ഷേ ഗുജറാത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി.

സീറ്റ് കിട്ടാത്തവരെ പിണക്കാതെ നോക്കുക എന്നതും പ്രധാനമാണ്. ഇതോടൊപ്പം ബിജെപിയോട് അകന്നു നില്‍ക്കുന്ന പട്ടേല്‍ദളിത്മുസ്ലീം വിഭാഗങ്ങളെ കൂടി ഒപ്പം ചേര്ക്കാന്‍ സാധിച്ചാല്‍ ഗുജറാത്തില്‍ പുതുചരിത്രം പിറക്കും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ക്യാംപ്.