മമ്മൂട്ടി-സന്തോഷ് ശിവൻ കൂട്ടുകെട്ടിന് താക്കീതുമായി പ്രിയദർശൻ: ‘എട്ടുമാസം കാത്തിരിക്കും’

single-img
7 November 2017

മമ്മൂട്ടിയും മോഹന്‍ലാലും കുഞ്ഞാലി മരയ്ക്കാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമകള്‍ പുറത്തിറങ്ങുന്നു എന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് സിനിമാലോകം കേട്ടത്. എന്നാല്‍ മോഹന്‍ ലാലിന്റെ കുഞ്ഞാലിമരയ്ക്കാര്‍ പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ മമ്മൂട്ടി-സന്തോഷ് ശിവൻ കൂട്ടുകെട്ടിന് താക്കീതുമായി പ്രിയദർശൻ രംഗത്ത് എത്തി. ടൈംസ് ഒാഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാറിനായി എട്ട് മാസം കാത്തിരിക്കുമെന്നും അവർ വൈകിയാൽ താൻ പ്രൊജക്ടുമായി മുന്നോട്ടുപോകുമെന്നും പറഞ്ഞത്.

മൂന്ന് വർഷം മുമ്പും അവർ ഈ ചിത്രം ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഇത് വരെ ചെയ്തില്ല. ഇത്തവണ ഞാൻ അവരുടെ ചിത്രത്തിനായി എട്ട് മാസം വരെ കാത്തിരിക്കും. അവർ ചിത്രം വൈകിപ്പിക്കുകയാണെങ്കിൽ താൻ പ്രൊജക്ടുമായി മുന്നോട്ട് പോകും. എന്നാൽ അവർ പ്രൊജകട് ചെയ്യുന്നുവെങ്കിൽ ഇതിൽ നിന്നും പിന്മാറാൻ ഞാൻ തയാറാണ്. ഭഗത് സിംഗിന്‍റെ ജീവിത കഥ പറയുന്ന 2002ൽ പുറത്തിറങ്ങിയ അജയ് ദേവ്ഗണിന്റെ ലെജന്‍റ് ഓഫ് ഭഗത് സിങ്ങും ബോബി ഡിയോളിന്‍റെ 23 മാർച്ച് 1931 ഉം വൻ പരാജയമായിരുന്നു. എന്ന് മാത്രമല്ല അത് ഇരു കൂട്ടരുടെയും സൗഹൃദത്തെയും ബാധിച്ചു. ഈ അവസ്ഥ മലയാള സിനിമയിൽ ഉണ്ടാവരുതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.