നോട്ടു നിരോധനം: മൻ കി ബാത്തുകൾക്കപ്പുറം നേടിയതും നഷ്ടപ്പെട്ടതും; ഒരു വസ്തുതാന്വേഷണം

single-img
7 November 2017

2016 നവംബർ എട്ടാം തീയതി വൈകുന്നേരം എട്ടുമണിക്കായിരുന്നു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി അന്നു പ്രാബല്യത്തിലുണ്ടായിരുന്ന 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകൾ അസാധുവാണെന്ന് പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം ആളുകളിൽ അമ്പരപ്പുണ്ടാക്കിയെങ്കിലും ഭൂരിഭാഗം പേരും ഈ നീക്കം കള്ളപ്പണത്തേയും കള്ളനോട്ട് മാഫിയയേയും ഉന്മൂലനം ചെയ്യാൻ സഹായിക്കുമെന്ന് വിശ്വസിച്ചു. കടുത്ത മോദിവിരുദ്ധർ പോലും ആദ്യമണിക്കൂറുകളിൽ ഈ തീരുമാനത്തെ സ്വാഗതം ചെയ്തെങ്കിലും പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ രാജ്യം ദർശിച്ചത് തികഞ്ഞ സാമ്പത്തിക അടിയന്തിരാവസ്ഥയായിരുന്നു.

പ്രാബല്യത്തിലുണ്ടായിരുന്ന കറൻസികളിൽ ഏതാണ്ട് 86 ശതമാനം വരുന്നവയാണു ഒറ്റരാത്രികൊണ്ട് അസാധുവായത്. അതായത്, ഏകദേശം 15.44 ലക്ഷം കോടിരൂപയുടെ നോട്ടുകൾ!!!!

പണമില്ലാത്തതിനാൽ രാജ്യത്തെ മുഴുവൻ സാമ്പത്തിക ക്രയവിക്രയങ്ങളും അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു.  സാധാരണക്കാർ നോട്ടുകൾ മാറുവാൻ ബാങ്കുകൾക്കും ഏ ടി എമ്മുകൾക്കും മുന്നിൽ ക്യൂ നിന്നു. മാർക്കറ്റുകളിൽ സാധനങ്ങളും ഫാക്ടറികളിൽ അസംസ്കൃതവസ്തുക്കളും കെട്ടിക്കിടന്നു. ക്യൂവിൽ നിന്നപ്പോൾ കുഴഞ്ഞുവീണും ആശുപത്രിയിൽ പണമെത്തിക്കാൻ കഴിയാത്തതിനാൽ ചികിത്സ കിട്ടാതെയും നിരവധിപ്പേർ മരിച്ചു. കല്യാണത്തിനും മറ്റും പണം കണ്ടെത്താൻ കഴിയാതെയും കച്ചവടം മോശമായതുമൂലവും കൃഷിസാധനങ്ങൾ കെട്ടിക്കിടക്കുന്നതുമൂലവും നിരവധിപേർ ആത്മഹത്യചെയ്തു. വടക്കേ ഇന്ത്യയിലെ ശൈത്യകാലരാത്രികളിൽ അസ്ഥി മരവിക്കുന്ന തണുപ്പത്ത് അന്നന്നത്തെ ചിലവിനുള്ള പണത്തിനായി ആളുകൾ ക്യൂ നിന്നു.

നോട്ടു നിരോധനം : നഷ്ടങ്ങൾ

നോട്ടു നിരോധനം മൂലം രാജ്യത്തിനും ജനങ്ങൾക്കും സമ്പദ്വ്യവസ്ഥയ്ക്കുമുണ്ടായ നഷ്ടങ്ങൾ ചില്ലറയല്ല. 

 • ഏകദേശം 158-ലധികം പേർ നോട്ടു നിരോധനത്തിന്റെ ഫലമായി മരണപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ ക്യൂവിൽ കുഴഞ്ഞു വീണവരും പണം ലഭ്യമല്ലാത്തതുകൊണ്ട് ചികിത്സകിട്ടാതെ മരിച്ചവരും ഉൾപ്പെടും. ക്രയവിക്രയത്തിനു പണമില്ലാതെ കചവടമോ കൃഷിയോ മുടങ്ങിയതുമൂലവും മറ്റും ആത്മഹത്യ ചെയ്തത് പന്ത്രണ്ടിലധികം പേരാണു.
 • റിസർവ്വ് ബാങ്കിൽ നിന്നും സർക്കാരിലേയ്ക്ക് കൊടുക്കുന്ന ലാഭവിഹിതത്തിൽ ഏകദേശം 53.46 ശതമാനത്തിന്റെ കുറവുണ്ടായി. 2015-16 സാമ്പത്തിക വർഷം 65876 കോടിരൂപയായിരുന്നു ലാഭവിഹിതമെങ്കിൽ 2016-17 വർഷം അത്30659 കോടിരൂപയായി കുറഞ്ഞു.
 • റിസർവ്വ് ബാങ്കിന്റെ വരുമാനത്തിൽ 23.56 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയപ്പോൾ ചെലവിൽ 107.84 ശതമാനത്തിന്റെ വർദ്ധനവുണ്ടായി.

  കടപ്പാട്: ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്| അശ്വിൻ പ്രസാദ്

 • വിദേശവരുമാനത്തിൽ 35.3 ശതമാനത്തിന്റേയും ആഭ്യന്തരവരുമാനത്തിൽ 17.11 ശതമാനത്തിന്റേയും കുറവുണ്ടായി.
 • പുതിയ നോട്ടുകൾ പ്രിന്റ് ചെയ്യാനുള്ള ചെലവിൽ മുൻ വർഷത്തെ വർഷത്തെ അപേക്ഷിച്ച് 130 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. 2015-16 സാമ്പത്തികവർഷം ഈ ചെലവ് 3420 കോടി രൂപയായിരുന്നെങ്കിൽ 2016-17 സാമ്പത്തികവർഷം അത് 7965 കോടിരൂപയായിമാറി.
 • എല്ലാവരും പണം ബാങ്കുകളിൽ നിക്ഷേപിച്ചത് മൂലം റിസർവ്വ് ബാങ്കിനു നിക്ഷേപത്തിന്റെ പലിശ നൽകിയ വകയിൽ മാത്രം 17,426 കോടി രൂപ ചെലവായി.
 • അടിയന്തിരഘട്ടങ്ങളിൽ ഉപയോഗിക്കാനായി നീക്കിവെയ്ക്കുന്ന കന്റിജൻസി ഫണ്ട് 13140 കോടി രൂപയായി വർദ്ധിച്ചു. മുൻവർഷങ്ങളിൽ ഇത് 1000 കോടി രൂപയിൽ താഴെയായിരുന്നു.
 • ഇത്തരത്തിൽ റിസർവ്വ് ബാങ്കിന്റെ വരുമാനത്തിൽ മൊത്തത്തിൽ ഉണ്ടായ നഷ്ടം 35217 കോടി രൂപയാണു.
 • കൂടാതെ രാജ്യത്തിന്റെ ആഭ്യന്തര മൊത്ത ഉത്പാദന (ജി ഡി പി )ത്തിന്റെ വളർച്ചാ നിരക്ക് 7.9-ൽ നിന്നും 5.7 ആയി കുറഞ്ഞു. 
 • വാഹനവിപണിയിലെ വിൽപ്പനയിൽ ഇക്കഴിഞ്ഞ ജനുവരിയിൽ 18.66 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.
 • റിയൽ എസ്റ്റേറ്റ് മേഖലയിലെ വിൽപ്പനയിൽ കഴിഞ്ഞ സാമ്പത്തികവർഷത്തിന്റെ അവസാനപാദത്തിൽ 44 ശതമാനത്തിന്റെ കുറവുണ്ടായി.
 •  ഉത്പാദനം കുറവായതിനാൽ ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ മുൻ സാമ്പത്തിക വർഷത്തേക്കാൾ 23 ശതമാനത്തിന്റെ വർദ്ധനവുണ്ടായി.
 • 1.52 ലക്ഷത്തിലധികം പേർക്ക് ജോലി നഷ്ടപ്പെട്ടു. നഷ്ടപ്പെട്ട തൊഴിലവസരങ്ങൾ പിന്നീട് പുനസ്ഥാപിക്കാൻ സാധിച്ചതുമില്ല. കേന്ദ്രസർക്കാരിന്റെ തൊഴിൽ മന്ത്രാലയം നടത്തിയ സർവ്വേയിൽ വെളിപ്പെട്ടതാണിത്.
 • കാർഷികേതര വരുമാനമാർഗ്ഗങ്ങളിൽ നാലിൽ മൂന്നു ഭാഗവും ചെറുകിടവ്യവസായങ്ങളാണു. ചെറുകിടവ്യവസായങ്ങൾ പലതും തകർന്നു.

നോട്ട് നിരോധനം ദുരന്തമോ?: നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക

നോട്ടു നിരോധനം: നേട്ടങ്ങൾ(?)

നോട്ടു നിരോധനം അറിയിക്കാൻ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വേളയിൽ നരേന്ദ്രമോദി വാഗ്ദ്ധാനം ചെയ്ത നേട്ടങ്ങളിൽ ഒന്നു പോലും സാധിച്ചില്ല എന്നതാണു വാസ്തവം. നമുക്ക് നോട്ടുനിരോധനവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളെ ഒന്നു വസ്തുതാപരമായി പരിശോധിക്കാം.

 • നോട്ട് നിരോധനകാലത്ത് കേന്ദ്രസർക്കാരിനു വേണ്ടി അറ്റോർണി ജനറൽ മുകുൾ റോഹാത്ഗി സുപ്രീം കോടതിയിൽ പറഞ്ഞത് നിരോധിച്ച 15.44 ലക്ഷം കോടിരൂപ വിലവരുന്ന നോട്ടുകളിൽ ഏതാണ്ട് നാലുലക്ഷം കോടിരൂപയുടേത് (25 ശതമാനം) തിരിച്ചു ബാങ്കുകളിൽ എത്തില്ലെന്നും  അത്രയും കള്ളപ്പണം സർക്കാരിലേയ്ക്ക് കണക്കിൽ ചേർക്കാമെന്നുമാണു. എന്നാൽ തിരികെ വരാതിരുന്നത് ഏതാണ്ട് 16,000 കോടി രൂപ മാത്രമാണു. മൊത്തം നിരോധിച്ച നോട്ടിന്റെ വെറും ഒരു ശതമാനം !!
 • 2016 നവംബറിനു ശേഷം ആദായനികുതി വകുപ്പും മറ്റും നടത്തിയ റെയിഡുകൾ വഴി കണക്കിൽപ്പെടാത്ത 1003 കോടിരൂപയോളം പിടിച്ചെടുക്കുകയും 17526 കോടിരൂപയോളം കള്ളപ്പണത്തിനു തുമ്പുണ്ടാക്കുകയും ചെയ്തതായി സർക്കാർ അവകാശപ്പെടുന്നു. അതുപോലെ 35000-ലധികം ഷെൽ കമ്പനികളിലായി നിക്ഷേപിച്ച 17000 കോടി രൂപ നിരീക്ഷണത്തിലാണെന്നും സർക്കാർ പറയുന്നു. ഈ മൊത്തം തുക (34526 കോടി രൂപ) കണക്കിലെടുത്താലും  നിരോധിച്ച നോട്ടിന്റെ മൊത്തം മൂല്യത്തിന്റെ 2.23 ശതമാനമേ വരുകയുള്ളൂ. മാത്രമല്ല 2013-14 സാമ്പത്തികവർഷത്തിൽ അനധികൃതമായി സമ്പാദിച്ച 90391 കോടിരൂപ (നിലവിൽ കണ്ടെത്തിയതിന്റെ മൂന്നിരട്ടി)യുടെ തുമ്പ് കണ്ടെത്താൻ ആദായനികുതി വകുപ്പിനു കഴിഞ്ഞിരുന്നു. 
 • 13.3 ലക്ഷം അക്കൌണ്ടുകളിലായി നിക്ഷേപിക്കപ്പെട്ട 2.89 ലക്ഷം കോടിരൂപ നിരീക്ഷണത്തിലാണെന്നാണു മറ്റൊരു അവകാശവാദം. ഈ തുകയെല്ലാം കള്ളപ്പണമാണെന്നതിനു തെളിവുകളൊന്നുമില്ല. മാത്രമല്ല 2015-16 സാമ്പത്തികവർഷത്തിൽ ഇതിന്റെ ഏകദേശം ഇരട്ടി തുക (5.16 ലക്ഷം കോടി രൂപ) ആദായ നികുതിവകുപ്പ് സ്ക്രൂട്ടിണിയിൽ വെച്ചിരുന്നു. അതിന്റെ മുൻവർഷങ്ങളിലും (2014-15 : 3.83 ലക്ഷം കോടി രൂപ, 2013-14 : 2.87 ലക്ഷം കോടിരൂപ) ഇത്രയും വരുന്ന തുകകൾ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുന്റ്. അപ്പോൾപ്പിന്നെ ഇതിൽ നോട്ടുനിരോധനത്തീന്റെ പങ്കെന്താണു?
 • മറ്റൊരു വലിയ അവകാശവാദമായി പ്രധാനമന്തി അവതരിപ്പിച്ചത് കള്ളപ്പണനിരോധനമായിരുന്നു. നിരോധിച്ച നോട്ടുകളിൽ നിരവധി കള്ളനോട്ടുകൾ ഉണ്ടെന്നും അവ കണ്ടെത്ത് നശിപ്പിക്കാൻ കഴിയുമെന്നുമായിരുന്നു പ്രഖ്യാപനങ്ങൾ. എന്നാൽ നോട്ടുനിരോധനത്തിനു ശേഷം പിടിച്ചെടുത്ത കള്ളനോട്ടുകൾ 11.23 കോടിരൂപയുടേത് മാത്രമാണു. മൊത്തം നിരോധിച്ച നോട്ടിന്റെ 0.00073 ശതമാനം മാത്രം !! 

അടുത്ത വലിയ അവകാശവാദമായിരുന്നു തീവ്രവാദം ഇല്ലായ്മ ചെയ്യുമെന്നത്. കള്ളപ്പണം ഇല്ലതെയാകുമ്പോൾ തീവ്രവാദം താനെ നിൽക്കുമെന്നായിരുന്നു മോദിയും ആരാധകരും അവകാശപ്പെട്ടത്. എന്നാൽ ജമ്മു കാശ്ശ്മീരിൽ നോട്ട് നിരോധനത്തിനു ശേഷം തീവ്രവാദപ്രവർത്തനങ്ങൾ വർദ്ധിച്ചു വരുന്നതായാണു കാണുവാൻ സാധിക്കുക. 2015 നവംബർ മുതൽ 2016 നവംബർ വരെയുള്ള കണക്കുകളെ 2016 നവംബർ മുതൽ 2017 നവംബർ വരെയുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കിട്ടുന്ന കണക്കുകൾ ഇവയാണു:

തീവ്രവാദി ആക്രമണങ്ങളുടെ എണ്ണത്തിൽ 39.4 ശതമാനം വർദ്ധനവ് ( 33 →46)

കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണത്തിൽ 1400 ശതമാനം വർദ്ധനവ് (2 → 30)

കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ 2 ശതമാനം വർദ്ധനവ് (51 → 52)

പരിക്കേറ്റവരുടെ എണ്ണത്തിൽ 55.1 ശതമാനം വർദ്ധനവ് ( 89 → 138)

ഇനി നക്സൽ ബാധിത പ്രദേശങ്ങളിൽ സമാനമായ കണക്കുനോക്കാം:

കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണത്തിൽ 18.33 ശതമാനം കുറവ് (120 → 98)

കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ 19.4 ശതമാനം വർദ്ധനവ് (62 → 74)

നോട്ടുനിരോധനം തീവ്രവാദത്തെ ഒരുതരത്തിലും ബാധിച്ചില്ലെന്ന് മാത്രമല്ല കശ്മീരിൽ തീവ്രവാദത്തെ വളരാൻ അനുവദിക്കുന്ന നിലയിലേയ്ക്ക് സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടതായും കാണാം.

ഈ കണക്കുകൾ നോക്കിയശേഷം സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും നോട്ട്നിരോധനം ഒരു വലിയ പരാജയവും ദുരന്തവുമായിരുന്നു എന്ന്. 

( അവലംബം: Comptroller and auditor general (CAG) റിപ്പോർട്ട്, The South Asia Terrorism Portal (SATP) Report, വിവിധ ന്യൂസ് റിപ്പോർട്ടുകൾ)