“പൃഥ്വിരാജ് മാപ്പ് പറയണമെന്നായി; ഖേദം പോര”: സുകുമാരനില്‍ തുടങ്ങിയ വനവാസ ജീവിതം അല്‍പസ്വല്‍പം പൃഥ്വിയിലേക്ക് പകരാന്‍ ശ്രമമുണ്ടായി: പ്രമുഖര്‍ക്കെതിരെ ആഞ്ഞടിച്ച് മല്ലിക സുകുമാരന്‍

single-img
7 November 2017

മലയാള സിനിമയിലെ കൊള്ളരുതായ്മകയ്‌ക്കെതിരെ ആഞ്ഞടിച്ച മല്ലിക സുകുമാരന്റെ പ്രസംഗം സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. കാക്കനാട് നടന്ന വിനയന്റെ പുതിയ ചിത്രത്തിന്റെ പൂജാ വേളയിലാണ് മലയാള സിനിമയിലെ കൊള്ളരുതായ്മകള കുറിച്ച് മല്ലിക സിനിമലോകവുമായി പങ്കുവച്ചത്.

മണിയുടെ ജിവിതകഥാംശം ഉള്‍പ്പെടുന്ന ചിത്രത്തിലെ നാകനായ സെന്തിലിനെ വേദിയില്‍ അനുമോദിച്ചുകൊണ്ടായിരുന്നു മല്ലികയുടെ പ്രസംഗം. മക്കളുടെ പേരുപറഞ്ഞ് അഭിമാനത്തോടെ ഇവിടെ നില്‍ക്കാന്‍ കഴിഞ്ഞതില്‍ ഏറ്റവും കടപ്പാടുള്ളത് വിനയന്‍ സാറിനോടാണ്.

സംവിധായകന്‍ വിനയന്‍ സഹായിച്ചില്ലങ്കില്‍ ഇന്ദ്രജിത്ത് ഇന്ന് തന്റെ സഹോദരന്‍ അമേരിക്കില്‍ നടത്തിവരുന്ന സോഫ്‌റ്റ്വെയര്‍ കമ്പനിയിലെ ജീവനക്കാരനും പൃഥ്വി ഓസ്‌ട്രേലിയയില്‍ സെറ്റിലാവുകയും ചെയ്യുമായിരുന്നെന്നു മല്ലിക വ്യക്തമാക്കി. ഈശ്വരന്‍ മനുഷ്യരെ രക്ഷിക്കാനേ അവസരം തന്നിട്ടുള്ളു.

ശിക്ഷിക്കാന്‍ അവസരം തന്നിട്ടില്ല. അങ്ങിനെ ശിക്ഷിക്കാന്‍ ശ്രമിച്ചാല്‍ മറ്റൊരുരൂപത്തില്‍ എവിടുന്നെങ്കിലുമൊക്കെ ആ ശിക്ഷ നമ്മള്‍ സ്വയം ഏറ്റുവാങ്ങേണ്ടിവരും. ഒരു കാര്യത്തിലും ചുമ്മാ പ്രതികരിക്കാന്‍ നില്‍ക്കരുതെന്ന് മക്കളോട് പറഞ്ഞിട്ടുണ്ട്. ആളാവാനുള്ള പ്രതികരണങ്ങള്‍ കൊണ്ട് കാര്യമില്ല. കാര്യകാരണങ്ങള്‍ മനസ്സിലാക്കി, പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം.

സുകുമാരനില്‍ തുടങ്ങിയ വനവാസ ജീവിതം അല്‍പസ്വല്‍പം പൃഥ്വിരാജിലേക്ക് പകരാന്‍ ശ്രമമുണ്ടായി. വിനയന്‍ സാറിന്റെ സിനിമയില്‍ അഭിനയിച്ചതിന് മാപ്പ് പറയണമെന്നായി. മാപ്പെന്ന വാക്കുതന്നെ വേണം, ഖേദം എന്നത് പോരാന്നായി.

ഞാന്‍ തിരിച്ചങ്ങ് ഓസ്‌ട്രേലിയയിലേക്ക് പൊയ്‌ക്കോട്ടെയെന്ന് എന്റെ മകന്‍ ചോദിച്ചപ്പോള്‍ ഒറ്റക്കാര്യമേ ഞാന്‍ ചോദിച്ചുള്ളു, നീ ഓറിയന്റേഷന്‍ കോഴ്‌സുവരെ മുടക്കി ഇവിടെ വന്ന് സിനിമയില്‍ അഭിനയിച്ചത് ഇവിടെ തുടര്‍ന്ന് നില്‍ക്കണമെന്ന ആഗ്രഹത്താലാണോ അതോ ചുമ്മാ ഒന്ന് നോക്കിയിട്ട് തിരിച്ച് പോകാനാണോ.

ഞാന്‍ വന്നത് നില്‍ക്കാന്‍ തന്നെയാണെന്ന് അവന്‍ പറഞ്ഞു. എന്നാല്‍ ഇവിടെ നിന്നാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. അത് അവന് ഒരുപാട് മാനസിക ധൈര്യവും ആത്മവിശ്വസാവും ഒക്കെ പകര്‍ന്നിരിക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങിനെയിരിക്കെയാണ് അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ വിനയന്‍സാര്‍ പൃഥ്വിരാജിനെ വീണ്ടും സിനിമിലേക്ക് കൊണ്ടുവരുന്നത്. ഇതിന് ശേഷം അവന് തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ലെന്നും മല്ലിക വ്യക്തമാക്കി.

വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തിലെ അഭിനയത്തിനു മണിക്ക് അവാര്‍ഡ് കിട്ടേണ്ടതായിരുന്നു. അവാര്‍ഡില്ലന്നറിഞ്ഞപ്പോള്‍ മണിയല്ല ബോധംകെട്ടത്, യഥാര്‍ത്ഥത്തില്‍ ഞങ്ങളൊക്കയാ ബോധംകെട്ടത്. ആ ചിത്രത്തിലെ മണിയുടെ അഭിനയത്തോട് കിടപിടിക്കുന്ന തരത്തില്‍ ഇനിയൊന്ന് ഇന്ത്യന്‍ സിനിമില്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല.

മണിയോട് ഞാന്‍ പലപ്പോഴും നേരില്‍ പറഞ്ഞിട്ടുണ്ട്, അഭിനയിക്കുകയാണെങ്കില്‍ മണിയുടെ അമ്മവേഷം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന്. അത് നടക്കാതെ പോയതില്‍ ഇന്നും വിഷമമുണ്ടെന്നും അവര്‍ പറഞ്ഞു.