കുറ്റപത്രത്തില്‍ വീണ്ടും അഴിച്ചുപണി: ദിലീപിനെ ഒന്നാം പ്രതിയാക്കില്ല; കാവ്യയും നാദിര്‍ഷായും പ്രതിപ്പട്ടികയിലില്ല

single-img
7 November 2017

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായി പൊലീസ് ഉടന്‍ കുറ്റപത്രം നല്‍കും. രണ്ടു ദിവസത്തിനകം നല്‍കാന്‍ കഴിയുമെന്നാണു കരുതുന്നതെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അന്വേഷണസംഘം കൈമാറിയ കുറ്റപത്രത്തിന്റെ കരട് ബെഹ്‌റ പരിശോധിച്ചു വരികയാണ്.

അതേസമയം രണ്ടാംഘട്ട കുറ്റപത്രത്തില്‍ വീണ്ടും അഴിച്ചുപണി നടത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. എഫ്‌ഐആറില്‍ 11ാം പ്രതിയായ ദിലീപിനെ ഒന്നാം പ്രതിയാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ആഴ്ചകള്‍ക്ക് മുന്‍പ് കൊച്ചിയില്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇക്കാര്യം തീരുമാനിച്ചിരുന്നു.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതിന് തുല്യമാണ് ഇതുമായി ബന്ധപ്പെട്ട ഗൂഡാലോചനയെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. എന്നാല്‍ ഒന്നാം പ്രതിയാക്കുന്നത് വിചാരണാഘട്ടത്തില്‍ തിരിച്ചടിയാകാന്‍ ഇടയുണ്ടെന്ന നിയമോപദേശവും കിട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിപ്പട്ടിക വീണ്ടും അഴിച്ചുപണിയുന്നത്.

ദിലീപിനെ രണ്ടാം പ്രതിയാക്കാനോ അല്ലെങ്കില്‍ ഏഴാം പ്രതിയാക്കാനോ ആണ് ആലോചന. നടിയെ ബലാല്‍സംഗം ചെയ്‌തെന്ന കുറ്റത്തിന് സുനില്‍കുമാറിനെ ഒന്നാം പ്രതിയാക്കി മുഖ്യ ഗൂഡാലോചനക്കാരനായ ദിലീപിനെ രണ്ടാംപ്രതിയാക്കാമെന്നാണ് ഒരു നിയമോപദേശം.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റുപ്രതികള്‍ക്ക് ഇതേക്കുറിച്ച് കാര്യമായ അറിവില്ലായിരുന്നുവെന്നും സുനില്‍കുമാറും ദിലീപും മാത്രമാണ് ഗൂഡാലോചന നടത്തിയതെന്നുമുളള വിലയിരുത്തലിലാണിത്. ദിലീപിനെ ഏഴാം പ്രതിയാക്കാമെന്നതാണ് മറ്റൊരു ആലോചന.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത സുനില്‍ കുമാറടക്കം ആദ്യകുറ്റപത്രത്തിലെ ആറുപ്രതികളെ അതേപടി നിലനിര്‍ത്തും. ഗൂഡാലോചനയുടെ പേരില്‍ ദിലീപിനെ ഏഴാം പ്രതിയാക്കും. നിലവില്‍ ഏഴാം പ്രതിയായ ചാര്‍ളിയെ മാപ്പുസാക്ഷിയാക്കുന്നതും പരിഗണനയിലുണ്ട്.

കുറ്റപത്രം തയാറാക്കിയെന്നും പ്രതിപ്പട്ടിക സംബന്ധിച്ച വ്യക്തത ഉടന്‍ വരുത്തുമെന്നും അന്വേഷണസംഘം അറിയിച്ചു. ഇതിനിടെ സിനിമാ മേഖലയില്‍ നിന്നടക്കം ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നുണ്ട്. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരെ കേസില്‍ സാക്ഷിയാക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ മഞ്ജു താല്‍പ്പര്യക്കുറവ് അറിയിച്ചു. ഇതോടെ ഈ നീക്കം പൊലീസ് ഉപേക്ഷിച്ചു. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും സുഹൃത്ത് നാദിര്‍ഷായും കേസില്‍ പ്രതികളാകില്ല എന്നാണ് സൂചന.