കോഹ്ലിയുടെ മെനു കേട്ട് ആരും ഞെട്ടരുത്: ഭക്ഷണകാര്യത്തിലും ആള് കേമനാ; രാജാവിനെ പോലെ പ്രാതലും, ലൈറ്റ് ആയി ലഞ്ചും, പിന്നെ…

single-img
7 November 2017

ഇന്ത്യന്‍ ടീമില്‍ ഫിറ്റ്‌നസിനു പ്രാധാന്യം നല്‍കുന്ന ക്രിക്കറ്ററാണ് നായകന്‍ വിരാട് കോഹ്‌ലി. ജീവിതക്രമത്തില്‍ അതീവ സൂക്ഷ്മത പുലര്‍ത്തുന്ന കോഹ്‌ലിയുടെ ദൈനംദിന വര്‍ക്കൗട്ടുകള്‍ ഇതിനകം സമൂഹമാധ്യമങ്ങളിലും മറ്റും ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

ജങ്ക് ഫൂഡ് പരമാവധി ഒഴിവാക്കുന്ന കോഹ്‌ലി ആവതും വീട്ടില്‍ തന്നെയുണ്ടാക്കുന്ന ഭക്ഷണങ്ങളാണ് കഴിക്കാറുള്ളത്. ദിവസവും രണ്ടു മണിക്കൂറെങ്കിലും താരം വര്‍ക്കൗട്ടിനു വേണ്ടി ചിലവഴിക്കാറുണ്ട്. വിശപ്പ് നന്നായി തോന്നുമ്പോള്‍ ബര്‍ഗര്‍ കഴിക്കുന്നതിനു പകരം നട്ട്‌സോ അല്ലെങ്കില്‍ ആരോഗ്യകരമായ സാന്‍ഡ്‌വിച്ചോ കഴിക്കുന്നതാണ് കോഹ്‌ലിയുടെ രീതി.

ഭക്ഷണക്രമത്തിലും കൃത്യത പാലിച്ചാണ് കോഹ്‌ലി മുന്നോട്ടു പോകുന്നത്. ഒരു ഓംലെറ്റോടെയാണ് കോഹ്‌ലിയുടെ ദിവസം ആരംഭിക്കുന്നത്. മൂന്നു മുട്ടയുടെ വെള്ളയും ഒരു മുഴുവന്‍ മുട്ടയും ചേര്‍ത്തുണ്ടാക്കുന്ന ഓംലെറ്റിനൊപ്പം ചീരയും കുരുമുളകുപൊടിയും ചീസും ആവോളം ചേര്‍ക്കും.

ഗ്രില്‍ ചെയ്തതോ ബേക് ചെയ്തതോ ആയ മത്സ്യവും നിര്‍ബന്ധമാണ്. ഒപ്പം പപ്പായയും തണ്ണിമത്തനും കൂടെയുണ്ടെങ്കില്‍ കുശാല്‍. ഗ്ലൂട്ടന്‍ ഫ്രീ ബ്രഡും നട്ട് ബട്ടറും ബ്രേക്ഫാസ്റ്റില്‍ തിരഞ്ഞെടുക്കുന്ന ഒന്നാണ്. ഒപ്പം നാരങ്ങ ചേര്‍ത്ത വലിയൊരു കപ്പ് ഗ്രീന്‍ ടീ കൂടിയായാല്‍ ബ്രേക്ഫാസ്റ്റ് ഓകെ.

ഗ്രില്‍ഡ് ചിക്കനും പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഉടച്ചെടുത്തതും പച്ചക്കറികളുമൊക്കെയാണ് ഉച്ചയ്ക്കു കഴിക്കാന്‍ ഇഷ്ടം. അത്താഴത്തിന് താരം കൂടുതല്‍ ഉള്‍ക്കൊള്ളിക്കാറുള്ളത് കടല്‍ വിഭവങ്ങളാണ്. അതില്‍ തന്നെയും മത്സ്യങ്ങളായിരിക്കും പാത്രത്തിന്റെ ഏറെ ഭാഗവും. മസില്‍ കൂട്ടാനായി റെഡ് മീറ്റും ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്താറുണ്ട്. ഒപ്പം സൂപ്പും സലാഡും കൂടെയുണ്ടാകണം.

ഇനി ഡയറ്റ് ഇത്ര കര്‍ശനമാണെങ്കിലും ആഴ്ചയിലോ മാസത്തിലോ അതിന് അപവാദമായി ഒരു ചീറ്റ് ഡേ വേണമെന്നു പറയുന്നയാളാണ് കോഹ്‌ലി. നിങ്ങള്‍ക്ക് കഴിക്കാന്‍ ആഗ്രഹമുള്ള ഭക്ഷണം വാരിവലിച്ചു കഴിക്കാതെ നിശ്ചിത അളവില്‍ കഴിക്കണമെന്നാണ് ഈ ചീറ്റ് ഡേ കൊണ്ടു കോഹ്‌ലി ഉദ്ദേശിക്കുന്നത്.

പിന്നൊരു ഉപദേശം കൂടി താരം ആരാധകര്‍ക്കു നല്‍കാറുണ്ട്, മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യരുത് എന്നതാണത്. കാരണം അവ നിങ്ങളുടെ പ്രതിരോധശേഷിയെ തകര്‍ക്കുന്നതാണെന്നും കോഹ്ലി പറയുന്നു.